
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പയ്യന്നൂരിൽ നിർമ്മിക്കുന്ന തീയേറ്റർ കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്
പയ്യന്നൂർ നഗരസഭ ലീസിനു വിട്ടുനൽകിയ 70 സെന്റ് സ്ഥലത്താണ് തീയേറ്റർ സമുച്ചയം നിർമ്മിക്കുക. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തീയേറ്ററിൽ 2 സ്ക്രീനുകളും 309 സീറ്റുകളുമാണ് ഉണ്ടാവുക. കലാമൂല്യമുള്ള ചിത്രങ്ങൾ പ്രേക്ഷകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ആധുനിക രീതിയിൽ 100 സ്ക്രീനുകൾ നിർമ്മിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരിൽ പുതിയ തീയേറ്റർ വരുന്നത്.
4k ത്രീഡി ഡിജിറ്റൽ പ്രൊജക്ഷൻ, മേന്മയേറിയ ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, ജെ ബി എൽ സ്പീക്കർ, സിൽവർ സ്ക്രീൻ, ഇൻ വെർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം, നിരീക്ഷണ ക്യാമറകൾ, വൈദ്യുതി തടസം ഒഴിവാക്കാൻ ആധുനിക ജനറേറ്ററുകൾ, ഫയർ ഫൈറ്റിങ്ങ് സംവിധാനം, ആധുനിക ത്രീ ഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ്ബാക്ക് ഇരിപ്പിടങ്ങൾ, എൽ ഇ ഡി ഡിസ് പ്ലേ, ആധുനിക ടോയ്ലറ്റ് സൗകര്യം, ലിഫ്റ്റ് സൗകര്യം, ക്യാന്റീൻ, ആവശ്യമായ പാർക്കിങ്ങ് സൗകര്യം തുടങ്ങിയവ പുതിയ തീയേറ്റർ സമുച്ചയത്തിൽ ഉണ്ടാകും.