🔳സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തം ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റും, പ്രധാന ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്ന് കസ്റ്റംസ് അധികൃതരും വാദിച്ചു. എം ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇരു അന്വേഷണ ഏജന്‍സികളുടേയും വാദം.
🔳വൈകാരികമായ വാദങ്ങളുമായാണ് എം ശിവശങ്കര്‍ കോടതിയിലെത്തിയത്. അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്ന് പറഞ്ഞ ശിവശങ്കര്‍ എങ്ങനെയും അകത്തിടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും കോടതിയില്‍ പറഞ്ഞു. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലില്‍ പോലും റൂം കിട്ടുന്നില്ല. എല്ലാവരാലും വെറുക്കപ്പെട്ടവനായി. ഒരു അധികാര സ്ഥാനത്തും ഇപ്പോള്‍ ഇല്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു.
🔳യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ 30-ന് ഹൈക്കോടതി വിധി പറയും. അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല. എന്നാല്‍ നിയമം കൈയിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. അടിക്കാന്‍ തയ്യാറായെങ്കില്‍ അതിന്റെ ഫലം നേരിടാനും നിങ്ങള്‍ തയ്യാറാവണമെന്നും കോടതി പറഞ്ഞു.
🔳സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ എസ്എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം.
🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രാദേശിക സഖ്യങ്ങളും നീക്കുപോക്കുകളും ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല. ഫാസിസ്റ്റ് വിരുദ്ധ ആശയം ഉള്ളവരുമായിട്ടാകും സഖ്യമുണ്ടാകുക. എന്നാല്‍ യുഡിഎഫിന് പുറത്തുള്ളവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രദേശിക സഹകരണനീക്കം രമേശ് ചെന്നിത്തല തള്ളിയില്ല. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു.
🔳64,789 സാമ്പിളുകള്‍ പരിശോധിച്ചതില്‍ കേരളത്തില്‍ ഇന്നലെ 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1281 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🔳കോവിഡ് മൂലം മരണം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ :തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90) എന്നിവരാണ് മരണമടഞ്ഞത്.
🔳ഇന്നലെ പുതിയ 12 ഹോട്ട് സ്പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകള്‍.
🔳തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുക.
🔳സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. കോവിഡ് വാക്സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായാലുടന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
🔳കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ.നജ്മ യുടെ മൊഴിയെടുത്തു.നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും പൊലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും നജ്മ പ്രതികരിച്ചു.
🔳കെഎം ഷാജിക്കെതിരെ കണ്ണൂരിലും അന്വേഷണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ണൂര്‍ ചാലാടില്‍ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു.
🔳വീട് പൊളിക്കണമെന്ന കോര്‍പ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു. കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ ആരോപണം.
🔳യുഎഇയില്‍ നിന്നും ഡീപോര്‍ട്ട് ചെയ്യാന്‍ മന്ത്രി കെടി ജലീല്‍ ശ്രമിച്ച് പറയപ്പെടുന്ന യാസര്‍ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീര്‍ത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
🔳കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ . എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞ പുന്നല പറഞ്ഞു പറ്റിച്ചെന്നും, കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെ മാറ്റേണ്ടി വന്നെന്നും, കെപിഎംഎസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അമ്മ ആരോപിച്ചു.
🔳പൂജവപ്പ്, വിദ്യാരംഭം ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഒരുമിച്ചുള്ള ആള്‍ക്കൂട്ടങ്ങളില്‍ കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യമന്ത്രി.
🔳കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം മാണിസാറിനോടുള്ള അവഹേളനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിസാറിനെ സിപിഎം നിര്‍ദയം വേട്ടയാടിയത് ജോസ് കെ മാണി മറന്നാലും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി.
🔳തമിഴ്നാട്ടില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരെ കമല്‍ഹാസന്‍. ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. എന്നാല്‍ അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവര്‍ തീരുമാനിക്കുമെന്നും കമല്‍ഹാസന്‍.
🔳നോട്ട് അസാധുവാക്കലിന്റെ നാലാം വാര്‍ഷികം അടുക്കുന്ന സാഹചര്യത്തില്‍ നടപടികൊണ്ട് എന്ത് നേട്ടമുണ്ടായി, അതിനുവേണ്ടി ചെലാക്കേണ്ടിവന്ന തുക എത്ര എന്നിവ വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ്. തെറ്റായ നടപടിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇതുവരെ മുക്തമായിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്.
🔳കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.
🔳പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മകന്‍ റനീന്ദര്‍ സിങ്ങിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമന്‍സ്. വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദറിന് ഇ.ഡി സമന്‍സ് അയച്ചിട്ടുള്ളത്.
🔳പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ പ്രശസ്തമായ പ്രയോഗം 'നാഷന്‍ വാണ്ട്സ് റ്റു നോ' അദ്ദേഹത്തിനും റിപ്പബ്ളിക് ടിവിക്കും ഉപയോഗിക്കാമെന്ന് കോടതി. എന്നാല്‍ 'ന്യൂസ് അവര്‍'എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു.
🔳വിഭജനമുണ്ടാക്കാന്‍ നോക്കുന്നവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഹാഥ്‌റസിസിലേക്ക് പോകും വഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയെ കണ്ടതിനെതിരെയാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.
🔳പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ഈ ഡിസംബറില്‍ ആരംഭിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് . 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും പുതിയ പാര്‍ലമെന്റില്‍ ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടായിരിക്കുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.
🔳തെലങ്കാനയില്‍ ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചുകളഞ്ഞു. ദീക്ഷിത് റെഡ്ഡി എന്ന ഒമ്പതുവയസ്സുകാരനെയാണ് അയല്‍വാസി പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയത്.
🔳ജമ്മുകശ്മീര്‍ വിഭജനവും പുല്‍വാമയും ഉയര്‍ത്തി ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ തുടങ്ങി. ജനങ്ങളെ കള്ളം പറഞ്ഞ് പ്രധാനമന്ത്രി പറ്റിക്കുകയാണെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയതോടെ ബീഹാറില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചു.
🔳ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യക്കെതിരെയുള്ള പരാമര്‍ശത്തെ ഹൗഡി മോദി പരിപാടിയുടെ ഫലം എന്ന് പറഞ്ഞാണ് കബില്‍ സിബല്‍ വിമര്‍ശിക്കുന്നത്.
🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 655 മരണം. 53,935 പേര്‍കൂടി രോഗികളായി. ഇതുവരെ 1,17,992 പേര്‍ മരിച്ചു. 78.13 ലക്ഷം പേരാണു രോഗബാധിതരായത്. 6.80 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 70.13 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 184 കോവിഡ് മരണം. 7,347 പേര്‍ രോഗബാധരായി. കര്‍ണാടകത്തില്‍ 5,356 പേരും തമിഴ്‌നാട്ടില്‍ 3,057 പേരും ആന്ധ്രയില്‍ 3,765 പേരും പുതുതായി രോഗികളായി.
🔳ആഗോളതലത്തില്‍ ഇന്നലെ രോഗം ബാധിച്ചത് 4,85,680 പേര്‍ക്ക്. മരണം 6510. ഇതുവരെ 11,48,682 പേര്‍ മരിക്കുകയും 4.24 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 887 പേരും ബ്രസീലില്‍ 566 പേരും മരിച്ചു.
🔳ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ദുബൈയിലെ പാം ഫൗണ്ടന്‍. 14,000ത്തിലധികം ചതുരശ്ര അടിയില്‍ കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്ന പാം ഫൗണ്ടന്‍ പാം ജുമൈറയിലെ നക്കീല്‍ മാളിന്റെ സമീപമാണ് സ്ഥിതി ചെയ്യുന്നത്.
🔳ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായുടേതാണ് തീരുമാനം.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ആശുപത്രിയില്‍ കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
🔳ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്. മുംബൈ ഇന്ത്യന്‍സിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് മുന്‍ ചാംപ്യന്മാരായ സിഎസ്‌കെ പുറത്തായത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താകുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (37 പന്തില്‍ 68), ക്വിന്റണ്‍ ഡി കോക്ക് (37 പന്തില്‍ 46) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. നേരത്തെ ട്രന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റ് പ്രകടനാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
🔳കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. വിവോ ആണ് മൂന്നാം സ്ഥാനത്ത്. റിയല്‍മി നാലാം സ്ഥാനത്തും ഒപ്പോ അഞ്ചാം സ്ഥാനത്തും ആണ്. ഓണ്‍ലൈന്‍ വഴിയുള്ള ഉത്സവകാല വില്‍പനയും വിപണിയുടെ തിരിച്ചുവരവിന് കാരണമായി. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 26.1 ശതമാനവും ഷവോമിയുടെ കൈവശമാണ്. സാംസങിന് 20.4 ശതമാനവും വിവോയ്ക്ക് 17.6 ശതമാനവും ആണ് വിപണിയുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്ന് പോലും ഇന്ത്യന്‍ കമ്പനിയില്ല.
🔳സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ബാങ്കിന് 412 കോടി രൂപ അറ്റാദായം. പ്രവര്‍ത്തനലാഭം മുന്‍ വര്‍ഷത്തെക്കാള്‍ 40% ഉയര്‍ന്ന് 2995 കോടിയിലെത്തി. മുന്‍ വര്‍ഷം രണ്ടാംപാദത്തില്‍ നഷ്ടം 1,755 കോടിയായിരുന്ന സ്ഥാനത്താണ് ഇത്രയും ലാഭം നേടിയത്. പലിശ വരുമാനം 32% ഉയര്‍ന്ന് 4144 കോടി. ആകെ വരുമാനം 31% ഉയര്‍ന്ന് 5,755 കോടി. നിക്ഷേപം 5,01,956 കോടി, വായ്പകള്‍3,65,896 കോടി രൂപ. നിഷ്‌ക്രിയ ആസ്തി 12.6 ശതമാനത്തില്‍ നിന്ന് 9.5 ശതമാനത്തിലേക്കു കുറഞ്ഞു.
🔳പ്രഭാസിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രം 'രാധേശ്യാ'മിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 41-ാം ജന്മദിനമാണ് പ്രഭാസ് ഇന്ന് ആഘോഷിക്കുന്നത്. ബീറ്റ്സ് ഓഫ് രാധേശ്യാം എന്ന് പേരിട്ടിരിക്കുന്ന പോസ്റ്ററില്‍ പ്രഭാസിന്റെയും നായിക പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് പോസാണ് ചിത്രീകരിക്കുന്നത്. പ്രണയ ജോഡികളായ റൊമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി തുടങ്ങിയവര്‍ ഓരോ കമ്പാര്‍ട്ട്മെന്റുകളിലായി ഇരിക്കുന്നതായാണ് മോഷന്‍ പോസ്റ്റര്‍ ആരംഭിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
🔳പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം. പാര്‍വതിയും ഷറഫുദീനും ദമ്പതികളായാണ് അഭിനയിക്കുന്നത്. പാലാക്കാരനായാണ് ബിജു മേനോന്‍ വേഷമിടുന്നത്.
🔳ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 നവംബര്‍ ആറിന് വിപണിയില്‍ എത്തും. വലിയ വിന്‍ഡ്സ്‌ക്രീന്‍, എഞ്ചിന്‍ ഗാര്‍ഡ്, റിയര്‍ ലഗേജ് സപ്പോര്‍ട്ട് ഫ്രെയിമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആക്സസറികളുമായാണ് ഇത്തവണ നിരത്തിലേക്ക് മോട്ടോര്‍സൈക്കിള്‍ എത്തിയത്. അതോടൊപ്പം ഫുട്‌പെഗുകളും സാഡില്‍ സ്റ്റേകളും സജ്ജീകരിച്ചിരുന്നു. 1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില.