national
ഇന്ത്യയിൽ സ്പുട്നിക്-5 വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 വാക്സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം ഇന്ത്യയിൽ നടക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(ആർഡിഐഎഫ്) ആണ് റഷ്യക്ക് പുറത്ത് സ്പുട്നിക് വാക്സിന് വിതരണം ചെയ്യുന്നത്.
ഡോ. റെഡ്ഡീസ് ലാബോറട്ടറി ലിമിറ്റഡാണ് ഇന്ത്യയിൽ പരീക്ഷണം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. 1,500 പേര്‍ക്കാണ് വാക്സിന് നല്‍കുക. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുകയെന്നും ആർഡിഐഎഫ് വ്യക്തമാക്കി.
നേരത്തെ, ഇന്ത്യയില്‍ സ്പുട്നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം വളരെ കുറച്ച് പേരിലാണ് മാത്രമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്.
ഓഗസ്റ്റ് 11നാണ് സ്പുട്നിക്-5 വാക്സിന് രജിസ്റ്റർ ചെയ്തത്. ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണു വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിൻ സ്വീകരിച്ചവർക്കു പ്രതിരോധശേഷി വർധിച്ചതായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അവകാശപ്പെട്ടിരുന്നു.
തന്റെ പുത്രിമാരിൽ ഒരാൾ വാക്സിൻ സ്വീകരിച്ചതായും പുടിൻ വെളിപ്പെടുത്തിയിരുന്നു. എപിവാക് കൊറോണ എന്ന പേരില്‍ രണ്ടാമത്തെ കോവിഡ് വാക്സിനും റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു. റഷ്യയിലും യുഎഇയിലും സ്പുട്നിക് വാക്സിന്റെ മനുഷ്യപരീക്ഷണം തുടരുകയാണ്.