Headlines
Loading...
കുവൈറ്റ് അമീർ അന്തരിച്ചു

കുവൈറ്റ് അമീർ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റ് അമിര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ സബ(91) അന്തരിച്ചു. അമീരി ദിവാന്‍ ഉപമന്ത്രി ഷെയ്ഖ് അലി അല്‍ ജറാ അല്‍ സബ കുവൈറ്റ് ടിവിയിലൂടെയാണ് മരണവിവരം അറിയിച്ചത്. 40 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. വിടപറയുന്നത് ഗള്‍ഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്.

 

വൈദ്യ പരിശോധനയ്ക്കായി ജൂലൈ 18 ന് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഒരു ദിവസത്തിന് ശേഷം വിജയകരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വൈദ്യചികിത്സ പൂര്‍ത്തിയാക്കുന്നതിനായി ജൂലൈ 23 ന് അമീറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ശസ്ത്രക്രിയയ്ക്കുള്ള കാരണമോ യുഎസില്‍ അമീറിന് എന്ത് ചികിത്സയാണ് ലഭിക്കാന്‍ പോകുന്നതെന്നോ അമിറിന്റെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല. 

സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്ബര്യമാണു ഷെയ്ഖ് സബാഹിന്റേത്. മുബാറകിയ സ്കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സര്‍ക്കാര്‍ നടപടികള്‍ നിയന്ത്രിക്കുന്നതിനായുള്ള സമിതിയില്‍ അംഗമെന്നനിലയില്‍ 1954ല്‍ പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ഒരു വര്‍ഷത്തിനുശേഷം സാമൂഹിക-തൊഴില്‍ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.

സ്പോര്‍ട്സ് ക്ലബുകളുടെ രൂപീകരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. 1957ല്‍ പബ്ലിക്കേഷന്‍സ് വകുപ്പ് ഡയറക്ടറായി നിയമിതനായ അദ്ദേഹം അപൂര്‍വ പുസ്തകങ്ങളും രേഖകളും സം‌രക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനല്‍കിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണു രാജ്യത്തു നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം.

ബ്രിട്ടനില്‍നിന്നു കുവൈത്തിനു സ്വാതന്ത്ര്യം ലഭിച്ച 1961ല്‍ കുവൈത്ത് ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഷെയ്ഖ് സബാഹ് അംഗമായി. 1962ല്‍ നിലവില്‍വന്ന മന്ത്രിസഭയില്‍ അദ്ദേഹം ഗൈഡന്‍സ് വകുപ്പു മന്ത്രിയുമായി. 1963ല്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 40 വര്‍ഷമാണ് ആ സ്ഥാനത്തു തുടര്‍ന്നത്.