Headlines
Loading...
കാഞ്ഞങ്ങാട്ട് കടുത്ത നിയന്ത്രണം, നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപര ഭവന്‍ വരെ വഴിയോരക്കച്ചവടം നിരോധിച്ചു, കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നൽകിയാൽ പകരം സ്ഥലം അനുവദിക്കും

കാഞ്ഞങ്ങാട്ട് കടുത്ത നിയന്ത്രണം, നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപര ഭവന്‍ വരെ വഴിയോരക്കച്ചവടം നിരോധിച്ചു, കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നൽകിയാൽ പകരം സ്ഥലം അനുവദിക്കും

കാഞ്ഞങ്ങാട‌്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ച‌് കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപര ഭവന്‍ വരെയുള്ള സ്ഥലത്ത് കര്‍ശനമായി നിരോധിക്കാന്‍ തീരുമാനിച്ചു. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നല്‍കേണ്ടുന്നതും ഇത്തരം അപേക്ഷകര്‍ക്ക് ആലാമിപള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ സൗകര്യം നല്‍കുകയും ചെയ്യുന്നതാണ്.

ബസ‌് പാര്‍ക്കിംഗ്, വാഹന പാര്‍ക്കിംഗ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലയ‌്ക്കും നിയന്ത്രണം ബാധകമാണ‌്.

എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടാകണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കടകളില്‍ സാധനം വാങ്ങാന്‍ കൂട്ടം കൂടരുത‌്. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകിട്ട‌് ഏഴുവരെയായി നിജപ്പെടുത്തി. ബസുകളുടെ പാര്‍ക്കിംഗ് ഇനിമുതല്‍ പുതിയ ബസ‌്സ്റ്റാന്‍ഡിലായിരിക്കും. ബസ്സുകള്‍ കോട്ടച്ചേരി ബസ‌്സ‌്റ്റാന്‍ഡില്‍ ആളുകളെ ഇറക്കിയ ശേഷമാണ‌് പാര്‍ക്കിംഗ് കേന്ദ്രമായ പുതിയ ബസ‌്സ‌്റ്റാന്‍ഡിലെത്തേണ്ടത‌്.

ഓട്ടോറിക്ഷകളും ടാക‌്സികളും പഴയ ബസ‌്സ‌്റ്റാന്‍ഡിലും മറ്റു വാഹനങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാര്‍ക്കു ചെയ്യണം. അന്യദേശത്തുനിന്നും പുറമേനിന്നുമുള്ള പൂക്കച്ചവടം പൂര്‍ണമായി നിരോധിച്ചു. പ്രാദേശിക പൂവുകള്‍ പുതിയ ബസ‌്സ്റ്റാന്‍ഡില്‍ അനുമതിയോടെ വില്‍ക്കാം.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എം.പി. ജാഫര്‍, ടി.വി. ഭാഗീരഥി കൗണ്‍സിലര്‍മാരായ കെ. മുഹമ്മദ്കുഞ്ഞി, എം.എം നാരായണന്‍, സി.കെ വത്സലന്‍, ഡിവൈ.എസ്.പി വിനോദ് കുമാര്‍, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു