Headlines
Loading...
അമർചന്ദ് ഗ്രൂപ്പിന് ഫീസ് പ്രതിദിനം ഒരു ലക്ഷത്തിലേറെ, മണിക്കൂറിനു 13,000

അമർചന്ദ് ഗ്രൂപ്പിന് ഫീസ് പ്രതിദിനം ഒരു ലക്ഷത്തിലേറെ, മണിക്കൂറിനു 13,000

തിരുവനന്തപുരം∙ വിമാനത്താവള ലേലത്തിനു ലീഗൽ കൺസൽറ്റന്റ് ആയി നിയമിച്ച സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിനു ഫീസ് ആയി സർക്കാർ പ്രതിദിനം നൽകിയത് ഒരു ലക്ഷത്തിലേറെ രൂപ. ജനുവരി ആദ്യമാണു നിയമിച്ചത്. ഫെബ്രുവരി 14നായിരുന്നു ബിഡ് സമർപ്പണം. അവധിയില്ലാതെ ജോലി ചെയ്തുവെന്നു പരിഗണിച്ചാൽ പോലും 45 ദിവസത്തിനാണു പ്രതിഫലമായി 55 ലക്ഷം രൂപ നൽകിയത്.

pareedhi-kiran-gautham-adhani

മണിക്കൂറിനു 13,000 രൂപയായിരുന്നു നിശ്ചയിച്ച പ്രതിഫലമെന്നാണു സൂചന. മംഗൾദാസ് ഗ്രൂപ്പിനു വേണ്ടി സംസ്ഥാന സർക്കാരുമായി ചർച്ചകൾക്കെത്തിയിരുന്നതു 2 പേരായിരുന്നു. മുംബൈയിലും ഡൽഹിയിലുമുള്ള ചില ഉദ്യോഗസ്ഥരും ചില ഘട്ടങ്ങളിൽ സഹായിച്ചിരുന്നു.ലേലത്തിനു ശേഷം നൽകിയ ബില്ലിൽ മുംബൈയിൽ നിന്നുള്ള യാത്രാസമയം ഉൾപ്പെടെ ഉൾപ്പെടുത്തിയത് കെഎസ്ഐഡിസി എതിർത്തു. ഇതിലുള്ള പ്രതിഷേധം കമ്പനി രേഖാമൂലം തന്നെ സർക്കാരിനെ അറിയിച്ചു. തർക്കങ്ങൾക്കൊടുവിൽ മാസങ്ങൾ കഴിഞ്ഞാണു ബിൽ നൽകിയതെന്നാണു വിവരം.ലേലത്തിൽ പങ്കെടുക്കാനുള്ള രേഖകൾ അടിയന്തരമായി തയാറാക്കേണ്ടിയിരുന്നതിനാൽ ടെൻഡർ നടപടികളിലേക്കു പോകാതെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണു ലീഗൽ കൺസൽറ്റന്റ് ആയി ഇവരെ നിയമിച്ചത്.

സംസ്ഥാന സർക്കാർ നിയോഗിച്ച തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) ലേലത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യതീരുമാനം. ഇതിനു നിയമപരമായ പ്രശ്നങ്ങളുണ്ടെന്നു ബോധ്യമായതോടെയാണു കെഎസ്ഐഡിസി തന്നെ നേരിട്ടു ലേലത്തിൽ പങ്കെടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎംഎംഎൽ എന്നിവയുടെ ആസ്തി കൂടി ചേർത്താണു കെഎസ്ഐഡിസി ടെൻഡറിൽ പങ്കെടുക്കാൻ അർഹത നേടിയത്.