Headlines
Loading...
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍ രാജിവെച്ചു; സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറൻ chief Minister

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍ രാജിവെച്ചു; സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറൻ chief Minister

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചെമ്പൈ സോറന്‍ രാജിവെച്ചു. പിന്നാലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്ത് നല്‍കി. രാജ്ഭവനിലെത്തിയായിരുന്നു ചംപയ് സോറന്‍ രാജിക്കത്ത് നല്‍കിയത്. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം ലഭിച്ചതും. ഹേമന്ത് സോറന്‍ മടങ്ങിയെത്തിയതിന് ശേഷം ഞങ്ങളുടെ സഖ്യം ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാനിപ്പോള്‍ മുഖ്യമന്ത്രി പദം രാജിവെച്ചിരിക്കുകയാണ്', രാജിവെയ്ക്കുന്ന വിവരം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ച് ചംപയ് സോറന്‍ വ്യക്തമാക്കി.

'മുഖ്യമന്ത്രി നിങ്ങളോട് എല്ലാം പറഞ്ഞു. നിങ്ങളോട് എല്ലാം വിശദമായി പറയാം. ഞങ്ങള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്', ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ഹേമന്ത് സോറന്‍ വ്യക്തമാക്കി.

ജൂണ്‍ 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.

നേരത്തെ റാഞ്ചിയിൽ ഇൻഡ്യ സഖ്യം എംഎൽഎമാരുടെ യോഗം ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു.

ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാ‍ർ‌ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു.

കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്