kerala
നവകേരള സദസ്സ്: നഗരസഭ, കോര്‍പ്പറേഷൻ സെക്രട്ടറിമാര്‍ക്ക് പണം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നവകേരളസദസിനായി തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടല്‍.
സെക്രട്ടറിമാര്‍ക്ക് സ്വന്തം നിലയില്‍ പണം അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കൗണ്‍സില്‍ തീരുമാനമില്ലാതെ നഗരസഭാ, കോര്‍പ്പറേഷൻ സെക്രട്ടറിമാര്‍ക്ക് സ്വന്തം നിലയില്‍ പണം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഇതിന് അധികാരമുണ്ടെന്നും കോടതി കണ്ടെത്തി.
സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ സമര്‍പ്പിച്ച നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൗണ്‍സിലിന്റെ അനുമതി ഉണ്ടെങ്കിലേ നഗരസഭ, കോര്‍പ്പറേഷൻ സെക്രട്ടറിമാര്‍ക്ക് പണം അനുവദിക്കാൻ കഴിയൂ.
പ്രതിപക്ഷനേതാവിന്റെ തട്ടകമായ പറവൂര്‍ നഗരസഭ സെക്രട്ടറി നേരത്തെ നവകേരളസദസിന് പണം അനുവദിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. സെക്രട്ടറിമാര്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും കൗണ്‍സിലിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പണം നല്‍കാനാകൂ എന്നും കോടതി വിധിച്ചു. ഈ വിധി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്