Headlines
Loading...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൂത്തുവാരി യുഡിഎഫ്; 33 ല്‍ 17 ഇടത്ത് വിജയം, ഇടതിന് തിരിച്ചടി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൂത്തുവാരി യുഡിഎഫ്; 33 ല്‍ 17 ഇടത്ത് വിജയം, ഇടതിന് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ 33 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സിറ്റിംഗ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ സിപിഎം പിടിച്ചെടുത്തു. നേരത്തെ 6 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റുകൾ മാത്രമേ നേടാൻ ആയുള്ളൂ.

എൽഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ് ഡി പി ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇതായിരുന്നു സീറ്റ് നില. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഉണ്ടാക്കിയത് യുഡിഎഫിനാണ്. 11 സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് എൽഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്. കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ ഇടതിൽ നിന്ന് പിടിച്ചെടുത്തത് യുഡിഎഫ് വിജയത്തിൻ്റേ തിളക്കം കൂട്ടി. ഇടത് മുന്നണിയുടെ 10 സീറ്റുകളിൽ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മലപ്പുറം ഒഴൂർ പതിനാറാം വാർഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡിൽ ഇടതു സ്ഥാനാർത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്.

അതേ സമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡിൽ സിറ്റിംഗ് സീറ്റിൽ സിപിഎം, ബിജെപിയോട് തോറ്റു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് , കായംകുളം നഗരസഭ 32 ആം വാർഡ് , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവയാണ് ബിജെപി നിലനിർത്തിയത്. ഈരാറ്റുപേട്ട നഗരസഭ പതിനൊന്നാം ഡിവിഷൻ എസ്ഡിപിഐ യും നിലനിർത്തി.

ഇടുക്കി കരിങ്കുന്നം ഏഴാം വാർഡ് വിജയിച്ച ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല. പ്രതിച്ഛായ മെച്ചപ്പെടുത്താൻ നവ കേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്നതിനിടയിലാണ് സർക്കാരിന് ഷോക്കായുള്ള ഉപതിരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍

കോഴിക്കോട് വാണിമേൽ പഞ്ചായത്ത് പതിനാലാം വാർഡായ കൊടിയൂറ യുഡിഎഫ് നിലനിർത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ (കോൺഗ്രസ്) അനസ് നങ്ങാണ്ടിയിൽ വിജയിച്ചു. വില്യാപ്പള്ളി 16ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എൻ ബി പ്രകാശൻ 311 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ 140 വോട്ടിന് വിജയിച്ച വാർഡാണിത്. മടവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലാളൂർ യുഡിഎഫ് നിലനിർത്തി. മാവൂർ പഞ്ചായത്തിലെ 13ാം വാർഡ് പാറമ്മൽ യുഡിഎഫ് നിലനിർത്തി.

എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസ് വിജയിച്ചു. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ വിജയിച്ചു. 88 വോട്ടുകൾക്കാണ് ബിനിത വിജയിച്ചത്. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

തൃശ്ശൂർ മാള പഞ്ചായത്ത് പതിനാലാം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 677 വോട്ടാണ് നിത നേടിയത്. തുടർച്ചയായി കൗൺസിലിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വാർഡ് മെമ്പർ ജോഷിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്

പാലക്കാട് വടക്കഞ്ചേരി ആറാം വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് 14-ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 142 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപിമുഹമ്മദ് വിജയിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 11-ആം വാര്‍ഡ് യുഡിഎഫ് നിലനിർത്തി. 93 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് തങ്ങൾ വിജയിച്ചു. മലമ്പുഴ ബ്ലോക്ക് ആറാം ഡിവിഷനും യുഡിഎഫ് നിലനിർത്തി.

കൊല്ലം തഴവ പതിനെട്ടാം വാർഡ് നിലനിർത്തി. കൊല്ലം പോരുവഴി 15ാം വാർഡ് എസ്ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഒന്നാം ഡിവിഷൻ എൽഡിഎഫ് ൽ നിന്ന് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കൽ ഡിവിഷനും എൽഡിഎഫ് പിടിച്ചെടുത്തു. വയനാട് മുട്ടിൽ പഞ്ചായത്ത് മൂന്നാം വാർഡും പിടിച്ചെടുത്തു. കാസർകോട് പള്ളിക്കര ഇരുപത്തിരണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി.

എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകള്‍

മലപ്പുറം ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടപ്പിൽ എല്‍ഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 51 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാർഥി കെ പി രാധ വിജയിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇതോടെ ഇരു മുന്നണികൾക്കും തുല്യ സീറ്റു വീതമായി.

പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷൻ എല്‍ഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി സി അബ്ദുൾ ഖാദർ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.


കരിങ്കുന്നം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ആംആദ്മി
ഇടുക്കി ഉടുമ്പൻ ചോല ഏഴാം വാർഡ്, കോട്ടയം വെളിയന്നൂർ പത്താം വാർഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. കോട്ടയം തലനാട് നാലാം വാർഡ് യുഡിഎഫിൽ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് ബിജെപിയിൽ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡ് ഒരു വോട്ടിന് എല്‍ഡിഎഫ് നിലനിർത്തി.

കൊല്ലം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനും കൊറ്റംകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡും എല്‍ഡിഎഫ് നിലനിർത്തി. കൊല്ലം ഉമ്മന്നൂർ ഇരുപതാം വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു.


തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ നാലിടത്ത് യുഡിഎഫിന് നേട്ടം, എല്‍ഡിഎഫിന് സീറ്റ് പോയി
ബിജെപി

അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് നിലനിർത്തി. കായംകുളം നഗരസഭ 32 ആം വാർഡും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവന വണ്ടൂർ ഡിവിഷനും ബിജെപി നിലനിർത്തി.

എസ്ഡിപിഐ

ഈരാറ്റുപേട്ട നഗരസഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. 366 വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. യുഡിഎഫ് 322 വോട്ടും എൽഡിഎഫ് 236 വോട്ടും നേടി. എസ്ഡിപിഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗ്യനാക്കിയതോടെയാണ് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആംആദ്മി

ഇടുക്കി, കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടിക്ക് വിജയം. ആംആദ്മിയുടെ സ്ഥാനാർത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ആംആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്.