Headlines
Loading...
ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ് ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സര്‍വ്വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം.

അതേസമയം ഗവര്‍ണര്‍ക്കെതിരെ സമരം കടുപ്പിക്കാനാണ് എസ്എഫ്‌ഐ തീരുമാനം. സെനറ്റ് നോമിനേഷനിലെ ഗവര്‍ണറുടെ ഇടപെടലുകളെ ചോദ്യം ചെയ്തുള്ള സമരം തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

ഇത് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്ന സമരമാണെന്നും സ്വന്തമായി മേല്‍വിലാസമുള്ള സംഘടനയാണ് എസ്എഫ്‌ഐ എന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളേയും ഞാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.