international
അവര്‍ എന്നെ നന്നായി പരിപാലിക്കുന്നു'; ഇസ്രയേലി വനിതയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്
ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ, ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിതയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മിയ ഷെം എന്ന 21 കാരിയുടെ വിഡിയോയാണ് ഇത്തരത്തില്‍ ഹമാസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു മിനിറ്റിലധികം ദൈർഘ്യമുള്ളതാണ് വിഡിയോ. ഗസ്സ അതിര്‍ത്തിക്കടുത്തുള്ള ചെറിയ ഇസ്രയേലി നഗരമായ സ്‌ഡെറോറ്റിലെ യുവതിയാണ് മിയ. കിബ്ബട്ട്‌സ് റെയിമിലെ സൂപ്പർനോവ സുക്കോട്ട് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹമാസിന്‍റെ ആക്രമണമുണ്ടാകുന്നത്. ഈ ആക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും മിയ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിനാണ് മിയയെ ഹമാസ് ബന്ദിയാക്കിയത്.
ആശുപത്രിയിൽ മൂന്നു മണിക്കൂർ കൊണ്ടാണ് എന്‍റെ കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തിയത്. അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്... എനിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നു. മരുന്നുകള്‍ നല്‍കുന്നു. എല്ലാം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക.' എന്നാണ് മിയ വിഡിയോയിലൂടെ പറയുന്നത്.
മിയയെ സുരക്ഷിതമായി കണ്ടതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥർ മിയയുടെ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. “ഹമാസ് പുറത്തുവിട്ട വിഡിയോയിൽ അവർ തങ്ങളെ മനുഷ്യത്വമുള്ളവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എങ്കിലും അവർ ശിശുക്കളെയും കുട്ടികളെയും പുരുഷന്മാരെയും സ്ത്രീകളെയും വൃദ്ധരെയും കൊലപ്പെടുത്തുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും ഉത്തരവാദികളായ ഒരു ഭീകരമായ തീവ്രവാദ സംഘടനയാണ്. മിയ ഉള്‍പ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും 'ഐഡിഎഫ് എക്സില്‍ കുറിച്ചു. അതിനിടെ, മറ്റൊരു വിഡിയോയിൽ ബന്ദികളായവർ തങ്ങളുടെ അതിഥികളാണെന്നും സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ ബന്ദികളാക്കിയവരെ വിട്ടയക്കുമെന്നും ഹമാസ് പറയുന്നുണ്ട്.