kerala
വിമാനത്തില്‍ നടിയോട് അപമര്യാദ: അറസ്റ്റ് തടയണമെന്ന പ്രതിയുടെ ഹര്‍ജി തള്ളി
വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി ആന്റോയുടെ ആവശ്യം കോടതി തള്ളി. അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം തേടിയുള്ള പ്രതിയുടെ ഉപഹർജിയാണ് എറണാകുളം ജില്ല സെഷൻസ് കോടതി തള്ളിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയും മറ്റും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് എറണാകുളം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആന്റോ ചൂണ്ടിക്കാട്ടിയിരുന്നത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കും വരെ സംരക്ഷണം നൽകണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയതിന് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും.
വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും, വിമാനജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നുമാണ് മുൻകൂർ ജാമ്യഹർജിയിലെ വാദം. അതേസമയം പ്രതിക്കായി തൃശൂരിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.