kerala
രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു; രാവിലെ 7ന് കാസര്‍കോട് നിന്ന് പുറപ്പെടും
കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. മറ്റ് സ്റ്റോപ്പുകള്‍: കണ്ണൂര്‍, കോഴിക്കോട്, ഷോര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്‌ഷന്‍, ആലപ്പുഴ, കൊല്ലം. രാവിലെ 7ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാത്രി 11.55ന് കാസര്‍കോട്ടെത്തും. തിങ്കളാഴ്ച കാസര്‍കോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വിസ് ഉണ്ടാകില്ല.
ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്തെത്തി. രണ്ടാം പരീക്ഷണ ഒാട്ടത്തില്‍ കാസര്‍കോട് നിന്ന് പുറപ്പെട്ടത് ഏഴ് മണിക്ക്. ഒാറഞ്ചും കറുപ്പും കലര്‍ന്ന പുതിയ വന്ദേഭാരത് കാണാന്‍ വഴിനീളെ കാഴ്ചക്കാരുടെ കൗതുക കണ്ണുകള്‍. എട്ടു മണിക്കൂര്‍ അഞ്ചു മിനിറ്റെടുത്ത് 3. 5 ന് തിരുവനന്തപുരത്തേയ്ക്ക് ഒാടിയെത്താനാണ് ലക്ഷ്യമിട്ടത്.
2.46 ന് തന്നെ ട്രെയിനെത്തി. ഏഴു മണിക്കൂര്‍ 46 മിനിറ്റ് മാത്രം. 72 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തിയത്. 15 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതലുളള കോട്ടയം റൂട്ടു വഴി ഒാടുന്ന ആദ്യ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമായി. ഇതോടെ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിനാകും രണ്ടാം വന്ദേഭാരത്.