Headlines
Loading...
ആഴക്കടലിലെ 25,000 കോടിയുടെ ലഹരിവേട്ട: വിവരം ശേഖരിച്ച് എന്‍ഐഎ

ആഴക്കടലിലെ 25,000 കോടിയുടെ ലഹരിവേട്ട: വിവരം ശേഖരിച്ച് എന്‍ഐഎ

ആഴക്കടല്‍ വഴിയുള്ള ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെന്ന് സൂചന. 25,000 കോടിയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസില്‍ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച എന്‍ഐഎ പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്തു. 


നേവിയുടെ സഹായത്തോടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ 2525 കിലോ മെത്താഫെംറ്റമിന്‍റെ അവകാശി പാക്കിസ്ഥാനിലെ ഹാജി സലിമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യാന്തര ലഹരിക്കടത്ത് സംഘത്തെ നയിക്കുന്ന ഹാജി സലിം ഇതില്‍ നിന്നുള്ള പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ലഹരിക്ക് പുറമെ കടല്‍മാര്‍ഗമുള്ള ആയുധക്കടത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത് ഹാജി സലിമിന്‍റെ കരങ്ങള്‍. ഇത് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്‍സിബിയുടെ ഇത്തവണത്തെ വേട്ടയില്‍ സുപ്രധാനമായ ചില വിവരങ്ങളും തെളിവുകളും സമാഹരിക്കാനായി. ലഹരിയെത്തിച്ച മദര്‍ഷിപ്പില്‍ നിന്ന് സാറ്റലൈറ്റ് ഫോണുകള്‍ക്ക് പുറമെ ലഹരിസൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു. 

ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാനുള്ള എന്‍ഐഎയുടെ നീക്കം. കൊച്ചിയിലെത്തിയ സംഘം എന്‍സിബി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ കസ്റ്റഡിയിലുള്ള പാക് പൗരനെയും ചോദ്യം ചെയ്തു. രാജ്യത്തെ ലഹരിമാഫിയ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മറ്റ് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ കൂടി സഹകരിപ്പിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും ആലോചനയുണ്ട്. കോടതിയില്‍ ഹാജരാക്കുന്ന പാക് പൗരനെ കസ്റ്റഡിയില്‍ വാങ്ങി അടുത്തദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യും. മദര്‍ഷിപ്പില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.