Headlines
Loading...
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം സോണിയ ഗാന്ധി എത്തിയശേഷം

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം സോണിയ ഗാന്ധി എത്തിയശേഷം

ന്യൂഡൽഹി∙ മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. നിലവിൽ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണു വിവരം. സോണിയ ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നാണ‌ു സൂചന. സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്നത് ഡികെയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. മന്ത്രിസഭയിൽ പ്രധാനവകുപ്പുകൾ ഡികെ പക്ഷത്തിനു നൽകിയേക്കും. മല്ലികാർജുൻ ഖർഗെയും ഡികെയും തമ്മിലുള്ള ചർച്ച പൂർത്തിയായി. 


സിദ്ധരാമയ്യ, മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്. ഏതാനും എംഎൽഎമാരും അദ്ദേഹത്തിനൊപ്പമുണ്ട്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 

ഹൈക്കമാൻഡ് നിർദേശപ്രകാരം ഇന്നു ഡൽഹിയിലെത്തിയ ഡികെ, ‘പാർട്ടി അമ്മയെപോലെയാണ്, മകന് ആവശ്യമായതു പാർട്ടി നൽകും’ എന്ന് പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു ഡികെ.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്കു മാറ്റിയത്. സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.