Headlines
Loading...
പുല്‍വാമ വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉയര്‍ത്തും

പുല്‍വാമ വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉയര്‍ത്തും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുല്‍വാമ വിഷയം രാഷ്ട്രീയമായി ഉയര്‍ത്താന്‍ പ്രതിപക്ഷ നീക്കം.

ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്കു പരാതി നല്‍കും. തുടര്‍ന്നു സംയുക്ത പ്രക്ഷോഭത്തിലേക്കു വരെ നീങ്ങും. കെ സി വേണുഗോപാല്‍ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കണമെന്നു ധാരണയായി. തുടര്‍ന്നു മറ്റു നേതാക്കളുമായും ഈ വിഷയം ചര്‍ച്ച ചെയ്യും.


പുല്‍വാമയില്‍ സി ആര്‍ പി എഫ് ജവാന്മാരെ കൊണ്ടുപോയ വാഹനവ്യൂഹം ഭീകരാക്രമണത്തിന് വിധേയമായ സംഭവത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയത്.

സി ആര്‍ പി എഫ് ജവാന്മാരെ വ്യോമമാര്‍ഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പുല്‍വാമ ആക്രമത്തിലേക്കു നയിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സി ആര്‍ പി എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാര്‍ഗ്ഗം കൊണ്ടുപോയതിലെ വീഴ്ച കണ്ടെത്തിയിരുന്നു.

രഹസ്യാന്വേഷണ വീഴ്ച ഉള്‍പ്പടെ മിണ്ടരുത് എന്ന് തന്നോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായാണു സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം സംഘടിത നീക്കം നടത്തുമ്പോഴും കേന്ദ്രം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ ശങ്കര്‍ റോയ്ചൗധരിയും രംഗത്തുവന്നതു കേന്ദ്രത്തിന് ആഘാതമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെന്നാണ് അദ്ദേഹം തുറന്നടിച്ചത്. മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.


വിമാനങ്ങള്‍ ആഭ്യന്തരമന്ത്രാലയം വിട്ടുനല്‍കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന സത്യപാല്‍ മലിക്കിന്റെ വെളിപ്പെടുത്തലിനോടും അദ്ദേഹം യോജിച്ചു.

പുല്‍വാമ ഭീകരാക്രമണം മുതലാക്കിയാണ് നരേന്ദ്ര മോദി തുടര്‍ഭരണം നേടിയതെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. 2019 ഫെബ്രുവരി 14ന് ഭീകരാക്രമണം നടക്കുമ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പിന് എട്ടാഴ്ചകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നതിന്റെ പന്ത്രണ്ടാംനാള്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് ഇരച്ചുകയറി ഭീകരത്താവളമായ ബാലാകോട്ട് ബോംബുകള്‍ വര്‍ഷിച്ചുവെന്നും പുല്‍വാമയില്‍ ഭീകരര്‍ ഒഴുക്കിയ രക്തത്തിന് ഇന്ത്യ പ്രതികാരം ചെയ്തുവെന്നും 300 തീവ്രവാദികളെ അവരുടെ താവളത്തില്‍ ചെന്നു കൊലപ്പെടുത്തിയെന്നുമുള്ള വന്‍ പ്രചാരണം ദേശീയ വികാരം ഉണര്‍ത്താനും അതുവഴി ബി ജെ പിക്ക് അനുകൂലമായ തരംഗം സൃഷടിക്കാനും വഴിയൊരുക്കി എന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.