Headlines
Loading...
'പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിക്കണം'; ബിജെപി പ്രവർത്തകർക്ക് നിർദേശം

'പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിക്കണം'; ബിജെപി പ്രവർത്തകർക്ക് നിർദേശം

തിരുവനന്തപുരം: ഈദിന് മുസ്ലീം വീടുകൾ സന്ദർശിക്കാൻ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് നിർദേശം. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപിയാണ് പ്രവർത്തകർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിച്ച് ഈദ് ആശംസ കെെമാറണമെന്നാണ് അറിയിച്ചിരിക്കുന്നത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് വിഷുകൈനീട്ടം നൽകണമെന്നും ജാവഡേക്കർ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച 'സ്‌നേഹയാത്ര' വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. മോദിയുടെ ഈസ്റ്റർ സന്ദേശം വീടുകളിൽ എത്തിക്കാൻ എട്ട് ലക്ഷം കാർഡുകളാണ് കേരളത്തിൽ തയ്യാറാക്കിയത്. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരുടെ അനുകൂല പ്രസ്താവനകൾ ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷു ദിനത്തിൽ ക്രൈസ്തവരായ അയൽക്കാരെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്. സമാനമായ രീതിയിലായിരിക്കും പെരുന്നാളിനും ബിജെപി ഭവന സന്ദർശനം നടത്തുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈസ്റ്റർ ദിനത്തിലെ സ്‌നേഹയാത്ര സംഘടിപ്പിച്ചത്. ഇത്തരത്തിലുളള നീക്കങ്ങൾ ബിജെപിയോടുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിലേക്ക് എത്തിക്കുമെന്നുമാണ് നേതൃത്വം കണക്കുകൂട്ടുന്നത്.