Headlines
Loading...
ബ്രഹ്മപുരം തീയണയ്ക്കല്‍ അവസാനഘട്ടത്തിലേക്ക്; ജാഗ്രത തുടരാന്‍ നിര്‍ദേശം

ബ്രഹ്മപുരം തീയണയ്ക്കല്‍ അവസാനഘട്ടത്തിലേക്ക്; ജാഗ്രത തുടരാന്‍ നിര്‍ദേശം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കല്‍ അവസാനഘട്ടത്തിലേക്ക്. തീയും പുകയും നിയന്ത്രിച്ചെങ്കിലും കനത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. ഇതിനിടെ ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെ‍ഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. 

പതിനൊന്നു ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരത്തെ തീയും പുകയും 95 ശതമാനം അണച്ചെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ രാത്രി വ്യക്തമാക്കിയത്. ഗുരുതര സാഹചര്യമുണ്ടായിരുന്ന സെക്ടര്‍ ആറ്, ഏഴ് ഉള്‍പ്പടെ തീയണച്ചു. വളരെകുറച്ചു ഭാഗത്തുമാത്രം അവശേഷിച്ച തീ മണ്ണുമാന്തി യന്ത്രങ്ങളും ഫയര്‍ യൂണിറ്റുകളും അവിടേയ്ക്ക് കേന്ദ്രീകരിച്ച് നിയന്ത്രണ വിധേയമാക്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വീണ്ടും ചെറിയ തീപിടിത്തത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമറകളും, കാവല്‍ക്കാരെയും ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.

തെര്‍മല്‍ സ്കാനറുകള്‍ ഘടിപ്പിച്ച ഡ്രോണ്‍ പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും, അനുബന്ധ രോഗാവസ്ഥകളും കണ്ടെത്തുന്നതിന് രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. നാളെ മുതല്‍ അഞ്ച് യൂണിറ്റുണ്ടാകും.