kerala
'മുഖ്യമന്ത്രിയെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ'; മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടിലിരിക്കണമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: നികുതി വര്‍ധനവില്‍ സര്‍ക്കാരിനെതിരെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് വിമര്‍ശിച്ച സതീശന്‍ മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടിലിരിക്കണമെന്നും പറഞ്ഞു. സമാധാനപരമായി നടത്തുന്ന സമരങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ പ്രതിപക്ഷനേതാവ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റിനെതിരെ ഇത്തരത്തില്‍ ജനവികാരം ഉയരുന്നത്. നികുതി പിരിവില്‍ സര്‍ക്കാരില്‍ ഉണ്ടായ പരാജയം മറച്ചുവെക്കാനാണ് മറ്റു വാദങ്ങള്‍ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടിലിരിക്കണം. മുഖ്യമന്ത്രി പോകുന്ന റൂട്ടില്‍ ഉള്ളവര്‍ വീട്ടില്‍ അടച്ചിരിക്കേണ്ട അവസ്ഥയാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യ കേരളമാണ്. മുമ്പ് കറുപ്പിനെ പേടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വെളുപ്പിനെയാണ് പേടി. മുഖ്യമന്ത്രിക്കെതിരെ ഒരു കല്ലു പോലും വലിച്ചെറിയുന്നില്ല. എന്നിട്ടും എന്തിനാണ് ഇത്ര പേടിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. മാറിമാറി എല്ലാ സര്‍ക്കാരും സാമൂഹിക ക്ഷേമപെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇതുമറച്ചുവെക്കാനാണ് വാദങ്ങള്‍ നിരത്തുന്നത്. രേഖകള്‍ ഇല്ലാത്തതിനാല്‍ 5000 കോടിയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നു എന്നത് സിപിഐഎമ്മിന്റെ ക്യാപ്‌സൂളാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് മേല്‍ അധികഭാരമേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു യുഡിഎഫ് നേതൃത്വത്തിലുള്ള രാപകല്‍ സമരം. തിരുവനന്തപുരത്തിന് പുറമേ 11 ജില്ലാ ആസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ സമരത്തിന്റെ ഭാഗമായി. നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നാളെ തുടര്‍ സമരങ്ങള്‍ പ്രഖ്യാപിക്കും. സമര പരിപാടികള്‍ ആലോചിക്കാന്‍ യുഡിഎഫ് യോഗം ചേരുന്നുണ്ട്.