Headlines
Loading...
പ്രതിപക്ഷ സമരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത സുരക്ഷ; മുൻകരുതൽ അറസ്റ്റ് വ്യാപകമാക്കാനും നിർദ്ദേശം

പ്രതിപക്ഷ സമരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത സുരക്ഷ; മുൻകരുതൽ അറസ്റ്റ് വ്യാപകമാക്കാനും നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് പ്രതിപക്ഷം സമരം ശക്തമാക്കിയിരിക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത സുരക്ഷയൊരുക്കാൻ എ ഡി ജി പിയുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാർക്കാണ് എ ഡി ജി പി അജിത്ത് കുമാർ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാർക്കും പൈലറ്റും എസ്‌കോർട്ടും പോകണം.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നും മന്ത്രിമാരുടെ പരിപാടിയിൽ ഡിവൈ എസ് പി നിർബന്ധമായും ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. ബജറ്റിൽ ഇന്ധന സെസും നികുതിയും വർധിപ്പിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ കൂട്ടിയിരിക്കുന്നത്. ഇവർ സഞ്ചരിക്കുന്ന റൂട്ടുകളിലെ പ്രധാന പോയിന്റുകളിൽ പോലീസ് ഉണ്ടായിരിക്കണം. നിലവിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ മാത്രമാണ് പോലീസ് കാവൽ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിലവിലുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സിനു പുറമെ മറ്റൊരു സ്ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയമിക്കണം. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒരു സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിക്കണം. എല്ലാ സബ് ഡിവിഷനിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപവത്കരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് നിലവിലുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സിനു പുറമെ മറ്റൊരു സ്‌ട്രൈക്കിംഗ് ഫോഴ്‌സിന് രൂപം കൊടുക്കും. മുൻകരുതൽ അറസ്റ്റ് വ്യാപകമാക്കാനും നിർദേശമുണ്ട്.