Headlines
Loading...
വെളിപ്പെടുത്തല്‍ മാപ്പ് സാക്ഷിയായി രക്ഷപ്പെടാന്‍'; ആകാശ് തില്ലങ്കേരിയെ തിരുത്തിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്ന് എംവി ജയരാജന്‍

വെളിപ്പെടുത്തല്‍ മാപ്പ് സാക്ഷിയായി രക്ഷപ്പെടാന്‍'; ആകാശ് തില്ലങ്കേരിയെ തിരുത്തിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ തന്റെ പങ്ക് മറച്ചുവെക്കാനാണ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ശ്രമിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊലക്കേസിലെ പ്രതി നടത്തിയ വെളിപ്പെടുത്തലെന്ന നിലയില്‍ കേസില്‍ നിന്നും തന്റെ പങ്ക് മറച്ചുവെക്കാനും മാപ്പ് സാക്ഷിയായി രക്ഷപ്പെടാനുള്ള നീക്കവുമാണ്. അങ്ങനെയെങ്കില്‍ അതൊരു ക്രിമിനല്‍ ഗുഢാലോചനയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍.

ഷുഹൈബ് വധക്കേസില്‍ ഒരു അന്വേഷണത്തേയും സിപിഐഎം ഭയക്കുന്നില്ല. കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കൂട്ടരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതെന്നും എംവി ജയരാജന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകള്‍ സമൂഹത്തിന് തന്നെ അപമാനമാണ്. മാലിന്യനിക്ഷേപ കേന്ദ്രം പോലെയാണ് സമൂഹമാധ്യമ പോസ്റ്റ്. സ്ത്രീകള്‍ക്ക് വായിക്കാന്‍ പറ്റില്ല. പൂരത്തെറിയാണ്. മലയാള ഭാഷയില്‍ ഇത്തരം തെറികള്‍ ഉണ്ടാവില്ല. അധിക്ഷേപം നേരിട്ടവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിപിഐഎം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാര്‍ ക്വട്ടേഷന്‍കാരാവില്ല. കൈയ്യിലിരിപ്പുകൊണ്ടാണ് ക്വട്ടേഷന്‍ ആവുന്നത്. ആകാശ് തില്ലങ്കേരിയെ തിരുത്തിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തില്‍ സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിര്‍ണ്ണായക വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് പലതും ചെയ്യിച്ചത്. ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ആകാശ് തില്ലങ്കേരി മറുപടിയായി ഇക്കാര്യം സൂചിപ്പിച്ചത്.

'ഭയം ഇല്ലെന്ന് എടയന്നൂര്‍കാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവന്‍ തന്നെയാണ് സരീഷ്. പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങി നടക്കുന്നു. കുഴിയില്‍ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേയില്ല. ഒന്ന് ശ്രദ്ധിക്കുക, പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞ് നോക്കില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു. പട്ടിണിയില്‍ വഴിയുമ്പോഴും വഴി തെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മതിയാവും.' ആകാശ് ഫേസ്ബുക്കില്‍ കുറിച്ചു.'അപ്പോഴെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ..ക്വട്ടേഷനെന്ന് ചാപ്പകുത്തി മാക്‌സിമം അകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവദം ചെയ്യുന്നു. ക്ഷമയുടെ നെല്ലിപവലക കാണുമ്പോഴാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടി വരുന്നത്. രാഷ്ട്രീയപരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്.' എന്നും ആകാശിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.സിപിഐഎം പ്രാദേശിക നേതൃത്വവും ആകാശ് തില്ലങ്കേരിയും തമ്മില്‍ നേരത്തെ മുതല്‍ ഫേസ്ബുക്കില്‍ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും തുടര്‍ന്നത്. വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഐഎമ്മില്‍ പരാതി നല്‍കിയെന്നാണ് സൂചന. മട്ടന്നൂരിലെ പാര്‍ട്ടി നേചാക്കളെ ആകാശ് തേജോവദം ചെയ്യുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാര്‍ട്ടി ഇടപെടണമെന്നുമാണ് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടത്.