international
ഗുജറാത്ത് വംശഹത്യക്ക് ‘മോദി നേരിട്ട് ഉത്തരവാദി’; ബി.ബി.സി റിപ്പോർട്ട് സ്ഥിരീകരിച്ച് മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററി ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2002ൽ ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യക്ക് നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് തെളിവ് സഹിതം വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. ഡോക്യുമെന്ററിക്കെതിരെ ഇന്ത്യൻ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. യു ട്യൂബിലും ട്വിറ്ററിലും അടക്കം സമൂഹമാധ്യമങ്ങളിൽ ഡോക്യുമെന്ററി പങ്കുവെക്കുന്നതിനെ കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ ബി.ബി.സി ഇത് പിൻവലിച്ചിരിക്കുകയാണ്. അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇന്ത്യയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി അറിയിച്ചു. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയെ അടക്കം ഉദ്ധരിച്ചാണ് ബി.ബി.സി തെളിവുകൾ നിരത്തിയിരിക്കുന്നത്.
2002ൽ ഗുജറാത്ത് കൊലപാതകം നടക്കുമ്പോൾ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലണ്ടനിലെ ഫോറിൻ ഓഫീസിലേക്ക് റിപ്പോർട്ട് അയച്ചത് സ്ഥിരീകരിച്ചു. 2002ൽ ഗുജറാത്തിൽ നടന്ന കൊലപാതകങ്ങൾക്ക് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 27ന് നരേന്ദ്ര മോദി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണുകയും കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിടുകയും ചെയ്തുവെന്നും സ്ട്രോ പറയുന്നു. ഗുജറാത്തിലെ കൊലപാതകങ്ങൾക്ക് വംശീയ ഉന്മൂലനത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ടെന്ന് തനിക്ക് ലഭിച്ച റിപ്പോർട്ടിൽ പറഞ്ഞതായി സ്‌ട്രോ സ്ഥിരീകരിച്ചിട്ടുണ്ട്. താൻ അതിനെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘ദി വയറി’ന് നൽകിയ അഭിമുഖത്തിലാണ് സ്ട്രോ കാര്യങ്ങൾ വിശദീകരിച്ചത്.
“ഞാൻ വാജ്‌പേയി സർക്കാരുമായും വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗുമായും സംസാരിച്ചു. ഞാൻ അത് ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്. 21 വർഷങ്ങൾക്ക് ശേഷം അവരുടെ പ്രതികരണം ഓർമിക്കാൻ കഴിയുന്നില്ല. ഇന്ത്യയുടെ വർഗീയ പ്രശ്‌നങ്ങളുടെ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാം. അതിനാൽ 2002ലെ ഗുജറാത്തിലെ പ്രശ്‌നങ്ങളിൽ നിരാശയുണ്ടെങ്കിലും പ്രത്യേകിച്ച് ആശ്ചര്യപ്പെട്ടില്ല’’ -സ്ട്രോ പറഞ്ഞു.