
kerala
നിയമനക്കത്ത് വിവാദത്തെ ചൊല്ലി തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അടിപിടിയും പോർവിളിയും
നിയമനക്കത്ത് വിവാദത്തെ ചൊല്ലി തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അടിപിടിയും പോർവിളിയും. ഒൻപത് കൗൺസിലർമാർക്ക് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ 24 മണിക്കൂർ സത്യാഗ്രഹം തുടങ്ങി ബിജെപി. ബിജെപി വനിത കൗൺസിലർമാർക്കെതിരായ സിപിഎം നേതാവ് ഡി.ആർ. അനിലിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിലും പ്രതിഷേധം.
കൗൺസിൽ ഹാളിൽ കിടന്നും കുത്തിയിരുന്നും പ്രതിഷേധിച്ച ബിജെപി- കോൺഗ്രസ് കൗൺസിലർമാരെ മറികടന്ന് മേയർ ആര്യ രാജേന്ദൻ ഡയസിൽ എത്തിയത് കനത്ത പൊലീസ് സുരക്ഷയിൽ. ബഹളത്തിനിടെ കൗൺസിൽ നടപടികൾ തുടങ്ങിയതോടെ പ്രതിഷേധം അതിരുകടന്നു. വാക്കേറ്റവും കയ്യാങ്കളിയും.
ഡയസിന് മുഖംതിരിച്ച ഒൻപത് ബിജെപി വനിത കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. പിന്നാലെ ഹാജർ ബുക്ക് പിടിച്ചുവാങ്ങി സസ്പെൻഡ് ചെയ്യപ്പെട്ടവർ ഒപ്പിട്ടു. സിറ്റിങ് ഫീസിന് വേണ്ടിയാണ് ഒപ്പിടുന്നതെന്ന് ഭരണപക്ഷ കൗൺസിലർമാർ പരിഹസിക്കുന്നതിനിടെയാണ് വനിത കൗൺസിലർമാർക്കെതിരായ ഡി.ആർ അനിലിന്റെ മോശം പരാമർശം.