kerala
സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച വരെയായിരിക്കും മഴ പെയ്യാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട നിര്‍ദേശ പ്രകാരം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.
അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലും വിവിധ ഭാഗങ്ങളിലായി ശക്തമായുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടില്‍ തിരുവളളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലേര്‍ട്ടും ചെന്നൈയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.