Headlines
Loading...
ഗുജറാത്തില്‍ ബിജെപിക്ക് തുടര്‍ഭരണം; ഹിമാചല്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഗുജറാത്തില്‍ ബിജെപിക്ക് തുടര്‍ഭരണം; ഹിമാചല്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. 182ല്‍ 156 സീറ്റുകളും നേടിയാണ് ബിജെപിയുടെ ഭരണത്തുടര്‍ച്ച. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ് 17 സീറ്റുകളില്‍ ഒതുങ്ങി. ആംആദ്മി പാര്‍ട്ടിക്ക് അഞ്ചും മറ്റുള്ളവര്‍ നാലും സീറ്റുകളും നേടി. നിലവിലെ മുഖ്യമന്ത്രിയായ ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. 12ന് ഉച്ച രണ്ടു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. മികച്ച വിജയം കൈവരിച്ച ഗുജറാത്ത് ഘടകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ബിജെപി 25 സീറ്റുകളില്‍ ഒതുങ്ങി. എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഭരണമാറ്റത്തിന്റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണയ്ക്കുകയായിരുന്നു.ആം ആദ്മിക്ക് സംസ്ഥാനത്ത് സാന്നിധ്യമുണ്ടാക്കാന്‍ പോലും സാധിച്ചില്ല. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍. തകര്‍ച്ചയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം പ്രതീക്ഷ നല്‍കുകയാണ്.
Also Read -
സൗരാഷ്ട്ര - കച്ച് മേഖലയില്‍ വേരുനഷ്ടപ്പെട്ട് കോണ്‍ഗ്രസ്; ബിജെപിയുടെ കൊയ്ത്ത്; മുഖ്യ എതിരാളിയായി എഎപിയുടെ വരവ്
ഹിമാചലില്‍ 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പന്‍ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവന്നു. യുപിയിലെ ശക്തികേന്ദ്രമായ ഖതൗലിയില്‍ ബിജെപി പരാജയപ്പെട്ടു. ഇവിടെ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായിരുന്ന മഥന്‍ ഭയ്യയാണ് വിജയിച്ചത്. രാംപുരില്‍ ബിജെപിയുടെ ആകാശ് സക്‌സേന വിജയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ മുഹമ്മദ് അസിം രാജയെയാണ് പരാജയപ്പെടുത്തിയത്.

ഛത്തീസ്ഗഢിലെ ഭാനുപ്രതാപ്പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സാവിത്രി മന്ദാവിയ വിജയിച്ചു. ബിജെപിയുടെ ബ്രഹ്മാനന്ദ് നേതാമിനെയാണ് പരാജയപ്പെടുത്തിയത്. രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ ശര്‍മ വിജയിച്ചു. ബിഹാറിലെ കുര്‍ഹാനി മണ്ഡലത്തില്‍ ബിജെപിയുടെ കേദര്‍ പ്രസാദ് ഗുപ്ത വിജയിച്ചു. ഒഡീഷയിലെ പദംപുര്‍ മണ്ഡലത്തില്‍ ബിജെഡിയുടെ ബര്‍ഷ സിംഗ് ബാരിഹ വിജയിച്ചു.മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പിയുടെ ഡിംപിള്‍ യാദവ് വിജയിച്ചു. ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് ഡിംപിള്‍ പരാജയപ്പെടുത്തിയത്.