Headlines
Loading...
'കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാൻ അനുവദിക്കില്ല'; വരേണ്യവർ​ഗത്തിന് വേണ്ടിയുളളതാണ് സിൽവർ ലൈനെന്ന് വിഡി സതീശൻ

'കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാൻ അനുവദിക്കില്ല'; വരേണ്യവർ​ഗത്തിന് വേണ്ടിയുളളതാണ് സിൽവർ ലൈനെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈനിന്റെ ഇരകളാകാൻ പോകുന്നത് കേരളം മുഴുവനാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വരേണ്യ വർഗ്ഗത്തിന് വേണ്ടിയാണ് കെറെയിൽ നടപ്പിലാക്കുന്നത്. എതിർക്കുന്നവരെ അടിച്ചമർത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക്കായി മാറ്റാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ചുളള അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.എല്ലാ പൊതുഗതാഗത സംവിധാനത്തേയും സിൽവർ ലൈൻ വിഴുങ്ങും. 

പൊതു​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ട് കൊടുക്കുകയാണ് സർക്കാർ. എന്നിട്ട് വരേണ്യവിഭാ​ഗത്തിന് വേണ്ടി കെറെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നു. ഇതിൻ്റെ ഇരകൾ കേരളം മുഴുവനാണെന്നും സതീശൻ വിമർശിച്ചു.
 
കുട്ടികൾക്ക് പാലും മുട്ടയും കൊടുക്കാൻ കഴിയാത്ത സർക്കാറാണിത്. പാലും മുട്ടയും കൊടുക്കാൻ പ്രധാനധ്യാപകർ പോക്കറ്റിൽ നിന്നും കാശ് എടുക്കേണ്ടി വരുന്നുവെന്നും സതീശൻ വിമർശിച്ചു. പൊലീസ് വാഹനങ്ങൾക്ക് പോലും പെട്രോൾ അടിക്കാൻ കാശില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും എന്തിനാണ് ഇങ്ങനെയൊരു പദ്ധതി.
ഡിപിആറിൽ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. ഡാറ്റാ പരിശോധിച്ചാൽ ഡാറ്റ തയ്യാറാക്കിയവർ ജയിലിൽ പോകേണ്ടിവരും. ഡാറ്റാ കൃത്രിമം ഗുരുതര കുറ്റകൃത്യമാണെന്നും വിഡി സതീശൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സഭയിൽ സൂചിപ്പിച്ചതല്ല ഡിപിആർ എംബാഗ്മെന്റ് കണക്ക്. ഡാറ്റയിൽ കൃത്രിമം നടത്തി പദ്ധതി ലാഭകരമെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. സ്പീഡാണ് ഇന്നത്തെ വികസനമെന്ന് ഭരണപക്ഷം തെറ്റിദ്ധരിച്ചിരിക്കുന്നു. ഭരണാധികാരി ജനാധിപത്യ വിരുദ്ധമാകുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കും. എതിർക്കുന്നവരെ കുറ്റപ്പെടുത്തുന്നത് എകാധിപതികളുടെ പൊതുസ്വഭാവം. അതാണ് സിൽവർ ലൈന്റെ കാര്യത്തിൽ സംഭവിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.