Headlines
Loading...
'മുഖ്യമന്ത്രിയെ ഇപ്പോഴും വിശ്വാസം, ഇന്നും ഉറപ്പ് നല്‍കി'; വി അബ്ദുറഹിമാന്റെ പ്രസ്താവന സ്വീകാര്യമല്ലെന്ന് സമസ്ത

'മുഖ്യമന്ത്രിയെ ഇപ്പോഴും വിശ്വാസം, ഇന്നും ഉറപ്പ് നല്‍കി'; വി അബ്ദുറഹിമാന്റെ പ്രസ്താവന സ്വീകാര്യമല്ലെന്ന് സമസ്ത

കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിടുമെന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന മന്ത്രി വി അബ്ദുറഹിമാന്റെ നിയമസഭയിലെ പ്രസംഗത്തിനെതിരെ സമസ്ത. സഭയിലെ മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്നും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ബന്ധപ്പെട്ട് കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രി ഫോണില്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന സഭയില്‍ വലിയ ബഹളത്തിന് കാരണമായിരുന്നു. വിഷയത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയ് സര്‍ക്കാരല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു. മന്ത്രി ലീഗിനെതിരെ നടത്തിയ പ്രസ്താവനയായിരുന്നു സഭയില്‍ ബഹളത്തിന് ഇടയാക്കിയത്.
ഇതിന് പിന്നാലെ, വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് എന്തായെന്ന് സമസ്തയോട് ചോദ്യവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നല്‍കിയതാണെന്നും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നും സലാം പറഞ്ഞിരുന്നു.