Headlines
Loading...
യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്നറിയിച്ച് ഇന്ത്യൻ എംബസി; കീവിൽ നിന്ന് സൗജന്യ ട്രെയിൻ സർവീസ്

യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്നറിയിച്ച് ഇന്ത്യൻ എംബസി; കീവിൽ നിന്ന് സൗജന്യ ട്രെയിൻ സർവീസ്

റഷ്യൻ അധിനിവേശത്തിൽ കുടുങ്ങിയവരെ മാറ്റാനുള്ള രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്നാണ് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കിവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ എത്തിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഇന്ത്യക്കാർ നിർബന്ധമായും പാലിക്കണമെന്ന് എംബസി അറിയിച്ചു. കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് യാത്രയ്ക്ക് മുൻഗണന.
 
അതിനിടെ റഷ്യന്‍ അധിനിവേശം യുക്രൈനില്‍ നാലാം ദിവസവും തുടരവെ തങ്ങളുടെ സൈന്യത്തിനും പൗരന്മാര്‍ക്കും ആത്മവിശ്വാസം പകരുന്ന വാര്‍ത്തകള്‍ പുറത്ത് വിട്ട്, അവരുടെ പോരാട്ട വീര്യത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള നടപടികള്‍ തുടരുകയാണ് സെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള യുക്രൈന്‍ ഭരണകൂടം. ഇതുവരെ റഷ്യയുടെ 4,300ത്തിലേറെ സൈനികരെ വധിച്ചതായി യുക്രൈന്‍ അറിയിച്ചു. യുക്രൈന്‍ ഉപപ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ എണ്ണം തങ്ങള്‍ കണക്കാക്കി വരികയാണെന്നും ഇവര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യുക്രൈനിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഒരുപക്ഷേ ശക്തരായ റഷ്യയ്ക്ക് വലിയൊരു തിരിച്ചടി തന്നെയാണ് ഈ ആള്‍ നാശം. എന്നാല്‍, യുക്രൈന്‍ ജനതയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള സെലന്‍സ്‌കിയുടെ പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ സേനയെ ഇത്രയും മാരകമായ രീതിയില്‍ യുക്രൈന് പ്രതിരോധിക്കാന്‍ സാധ്യമായ ശേഷിയില്ലെന്നതാണ് ഈ വാദത്തിന് തെളിവായി റഷ്യന്‍ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നത്.