Headlines
Loading...
'ദേശസുരക്ഷ പ്രധാനം'; മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാന്‍ പിഐബിയുടെ പുതിയ നയം

'ദേശസുരക്ഷ പ്രധാനം'; മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാന്‍ പിഐബിയുടെ പുതിയ നയം

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതിയ അക്രഡറ്റേഷന്‍ നയത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന് പോലും വെല്ലുവിളിയാവുന്ന വ്യവസ്ഥകള്‍ എന്ന് വിമര്‍ശനം. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ നയം എന്നാണ് ആക്ഷേപം. ദേശ സുരക്ഷ, ധാര്‍മികത എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് പോലൂം വെല്ലുവിളിയാവുന്ന തരത്തിലുള്ള പുതിയ വ്യവസ്ഥകള്‍.

നേരത്തെ ഇല്ലാതിരുന്നതാണ് പുതിയ അക്രഡറ്റേഷന്‍ നയത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം. ഇന്ത്യയുടെ പരമാധികാരം അഖണ്ഡത, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പൊതുക്രമം, മര്യാദ, ധാര്‍മ്മികത, കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രേരണ നല്‍കല്‍ എന്നിവക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നും പുതിയ നയത്തില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലെ അവകാശ വാദങ്ങള്‍ക്കും പുതിയ നയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ 'ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകന്‍' എന്ന് പരാമര്‍ശിക്കുന്നതിന് പുതിയ ചട്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നു.അപേക്ഷകനോ മാധ്യമ സ്ഥാപനമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളും രേഖകളും നല്‍കിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം കുറയാതെ പരമാവധി അഞ്ച് വര്‍ഷം വരെ അക്രഡിറ്റേഷനില്‍ നിന്ന് വിലക്കും.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 സെപ്റ്റംബറിലാണ് രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവസാനമായി ഭേദഗതി ചെയ്തത്.