Headlines
Loading...
കാനഡ, മാള്‍ട്ട, സ്‌പെയിന്‍; റഷ്യയ്ക്ക് വ്യോമപാതയടച്ച് കൂടുതല്‍ രാജ്യങ്ങള്‍

കാനഡ, മാള്‍ട്ട, സ്‌പെയിന്‍; റഷ്യയ്ക്ക് വ്യോമപാതയടച്ച് കൂടുതല്‍ രാജ്യങ്ങള്‍

യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യയ്ക്കു മുന്നില്‍ വ്യോമപാതയടച്ച് കൂടുതല്‍ രാജ്യങ്ങള്‍ കാനഡ, മാള്‍ട്ട, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിലായി റഷ്യയ്ക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചിരിക്കുന്നത്. ബ്രിട്ടനും ജര്‍മ്മനിക്കും പുറമേ ബാള്‍ട്ടിക് രാജ്യങ്ങളും നേരത്തേ റഷ്യയ്ക്ക് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഉടനടിയുള്ള നടപടിയെന്നോണം വ്യോമപാത നിരോധിക്കാനാണ് കാനഡ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുക്രൈനിന് മുകളിലുള്ള ആക്രമണത്തിന് റഷ്യയെക്കോണ്ട് കണക്ക് പറയിക്കുമെന്നും കനേഡിയന്‍ ഗതാഗത മന്ത്രി അറിയിച്ചു. കാനഡയ്ക്ക് പുറമേ മാള്‍ട്ടയും സ്‌പെയിനും വ്യോമപാത നിരോധിച്ചിട്ടുണ്ട്. യുക്രൈനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്ന് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിനൊപ്പം തങ്ങളും നീങ്ങുന്നുവെന്നാണ് സ്‌പെയിനിന്റെ ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടന്‍, ജര്‍മ്മനി, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും വ്യോമപാത നിരോധിച്ചിരുന്നു.
 
അതിനിടെ, യുക്രൈനില്‍ ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ രംഗത്തെത്തി. ആണവ പ്രതിരോധ സേനയോട് സജ്ജമാകാനാണ് പുടിന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. നാറ്റോ സഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പുടിന്റെ വെല്ലുവിളി. നാറ്റോയുടെ നിലപാടുകള്‍ പ്രകോപനപരമാണെന്നും പുടിന്‍ പറഞ്ഞു. അതേസമയം, റഷ്യയുമായുള്ള ചര്‍ച്ച ബെലാറൂസില്‍ തന്നെ നടത്തുമെന്നും വിവരങ്ങള്‍. ബെലാറൂസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രൈന്‍ അംഗീകരിച്ചു. ചര്‍ച്ച തീരുംവരെ ബെലാറൂസ് മേഖലയില്‍ നിന്ന് യുക്രൈനിന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ചര്‍ച്ച നടക്കുമെന്ന് സ്ഥിരീകരിച്ചത്.