international
ഇന്ത്യക്കാർ യുക്രെെൻ വിടണമെന്ന് നിർദേശവുമായി വീണ്ടും എംബസി
യുക്രെെനിലെ വിദ്യാർത്ഥികൾ അടക്കമുളള ഇന്ത്യൻ പൗരന്മാരോട് മടങ്ങി വരാൻ വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെെനും റഷ്യയും തമ്മിൽ തുടരുന്ന യുദ്ധ സാഹചര്യങ്ങൾക്ക് അയവ് വരാത്ത ഘട്ടത്തിലാണ് രാജ്യം വീണ്ടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ത്യൻ എംബസി വീണ്ടും വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുളള സഹായങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഹെൽപ്പ് ലെെൻ സംവിധാനവുമായി ബന്ധപ്പെടാം. വന്ദേഭാരത് മിഷന്റെ ഭാഗമായി 22,24,26 തിയതികളിൽ 3 എയർ ഇന്ത്യൻ വിമാനങ്ങൾ യുക്രെെനിലേക്ക് പറക്കും. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർത്ഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.
യുക്രെെനിലെ സ്ഥിതി വഷളായി തുടരുന്നതിനാൽ സ്ഥലത്ത് താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് ഇന്ത്യൻഎംബസി നിർദേശിക്കുന്നത്. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ നിർദേശിച്ചേക്കുമെന്നാണ് വിവരം. പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.