Headlines
Loading...
തൃശൂരിലെ സിപിഐഎം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസിൽ പരാതി

തൃശൂരിലെ സിപിഐഎം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസിൽ പരാതി

തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഐഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കൊവിഡ് മാനദ​ണ്ഡങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് പരാതി. തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തിരുവാതിരക്കളി വിവാദമാവുകയും വിമർശനവുമുയരുകയും ചെയ്തതിനു പിന്നാലെയാണ് സിപിഐഎം തൃശൂരിൽ തിരുവാതിരക്കളി സംഘടിപ്പിച്ചത്.

ഊരോകാട് അയ്യപ്പക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. നൂറിലേറെ പേരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. എന്നാല്‍ മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നു എന്നാണ് സിപിഐഎം സംഭവത്തിന് നല്‍കുന്ന വിശദീകരണം.എന്നാല്‍ കൊവിഡ് കേസുകള്‍ ഉയരുകയും വിവിധ നിയന്ത്രണങ്ങള്‍ നടപ്പാക്കി വരുന്നതിനും ഇടയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്.

'കൊവിഡ് പ്രതിരോധത്തേക്കാൾ സർക്കാരിന് പ്രധാനം തിരുവാതിര'
കൊവിഡ് പ്രതിരോധത്തേക്കാൾ തിരുവാതിരക്കളിക്കാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ ആരോപിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും സിപിഐഎമ്മിന്റെ പരിപാടികൾ വ്യാപകമായി നടക്കുകയാണ്. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമർശിച്ചവരാണ് ഇപ്പോൾ സമ്മേളനങ്ങൾ നടത്തുന്നത്. യുഡിഎഫും കോൺ​ഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. 

സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ മാറ്റി വെച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്നും വിഡി സതീശൻ ചോദിച്ചു. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡിപിആർ പ്രകാരം റെയിലിന് ചുറ്റും 200 കിലോ മീറ്ററോളം മതിൽക്കെട്ടുണ്ടാവും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയിൽ കടന്നു പോവുന്നതെന്ന വാദം തെറ്റാണെന്നും അദ്ദേ​ഹം പറഞ്ഞു.