Headlines
Loading...
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി പ്രതി; നാടകീയ രംഗങ്ങൾക്ക് ഒടുവിൽ പിടിയിൽ

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി പ്രതി; നാടകീയ രംഗങ്ങൾക്ക് ഒടുവിൽ പിടിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതെ പോയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി പിടിയിൽ. ലോ കോളേജിന് പിന്നിൽ നിന്നുമാണ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയത്. വൈകീട്ട് 5.30ഓടെ പൊലീസ് സ്റ്റേഷന്റെ പിന്‍ഭാ​ഗത്ത് കൂടെയാണ് ഫെബിന്‍ റാഫി ഇറങ്ങിയോടിയത്. കോടതിയില്‍ ഹാജരാക്കുന്നതിനായി സെല്ലിന് പുറത്ത് നിര്‍ത്തിയ സമയത്താണ് ഇയാള്‍ ഇറങ്ങിയോടിയത്.

ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ ഫെബിന്‍ റാഫിക്കൊപ്പം കൊല്ലം സ്വദേശി ടോം തോമസ് ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പൊക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് എടുത്തിരിക്കുന്നത്.

ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബംഗളൂരുവില്‍ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.