Headlines
Loading...
ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി

ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി

കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ പതിമൂന്ന് പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്ത സേന അന്വേഷണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് സൈനികരുടേയും മരണം അതീവ ദുഖത്തോടെയും ഹൃദയഭാരത്തോടെയും നിങ്ങളെ അറിയിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

'വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് ജനറല്‍ ബിപിന്‍ റാവത്ത് വെല്ലിങ്ടണിലേക്ക് യാത്ര തിരിച്ചത്. 11:48ന് സുലൂര്‍ എയര്‍ ബേസില്‍ നിന്ന് യാത്ര തിരിച്ച എംഐ17വി5 ഹെലികോപ്റ്റര്‍ 12:15നായിരുന്നു എത്തേണ്ടിയിരുന്നത്.എന്നാല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുമ്പോള്‍ അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പറഞ്ഞു. വെല്ലിങ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നാണ് അവസാനം പൈലറ്റ് നല്‍കിയ സന്ദേശം.

പിന്നീട് കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതായി വാര്‍ത്തകള്‍ വന്നു. അപകടത്തില്‍ ബിപിന്‍ റാവത്തടക്കം പതിമൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഹെലികോപ്റ്ററിന്റൈ ബ്ലാക്ക് ബോക്‌സ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അപകട സമയത്ത് എന്താണ് സംഭവിച്ചതെന്ന് ബ്ലാക്ക് ബോക്‌സ് പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ എന്തെങ്കിലും തകരാറുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. 25 പേരാണ് പരിശോധനാ സംഘത്തിലുളളത് 'എന്ന് രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
Also Read -
ഇന്ത്യയിൽ 25000 ​ഗ്രാമങ്ങളിൽ ഇന്റർനെറ്റോ മൊബൈൽ ഫോണോ ഇല്ല; ലോക്സഭയിൽ കണക്കുകളുമായി കേന്ദ്രം
അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്ക് കുനൂരില്‍ വെച്ചാണ് അപകടമുണ്ടായത്. കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം.
Also Read -
റാവത്തിന്റെ പിന്‍ഗാമി ആര്; എംഎം നരവനെക്ക് സാധ്യത
കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.
ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ ഡല്‍ഹിയില്‍ സംസ്‌കരിക്കും. ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാരം. കൂനൂര്‍ മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കും. മരിച്ച ബിപിന്‍ റാവത്തുൾപ്പെടെയുളള പതിമൂന്നുപേരുടെ ഭൗതിക ശരീരം ഇന്ന് വൈകീട്ട് സലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ച് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.