national
സ്വതന്ത്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം പരിസമാപ്തിയിലേക്ക്
സ്വതന്ത്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം പരിസമാപ്തിയിലേക്ക്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ രേഖമൂലം ഉറപ്പുനല്‍കിയതോടെ ഒരു വര്‍ഷവും 13 ദിവസവും നീണ്ടുനിന്ന ജനകീയ സമരത്തിനാണ് തിരശ്ശീല വീഴുന്നത്. അതേസമയം പ്രതിഷേധം പൂര്‍ണമായും അവസാനിപ്പിക്കില്ലെന്നും രാജ്യ തലസ്ഥാനത്ത് നടത്തുന്ന ഉപരോധം പിന്‍വലിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതോടെ ഡല്‍ഹിയില്‍ ഉപരോധം നടത്തുന്ന കര്‍ഷകര്‍ ഡിസംബര്‍ 11 മുതല്‍ വീടുകളിലേക്ക് മടങ്ങും. അതേസമയം കേന്ദ്രം വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും പിന്നോട്ടുപോയാല്‍ സമരം പുനരാരംഭിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
'രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു. 2022 ജനുവരി 15ന് ഒരു യോഗം ചേരാനും ഇന്ന് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമായി. നിറവേറ്റാമെന്ന് ഉറപ്പുനല്‍കിയ വാഗ്ദാനത്തില്‍ നിന്നും കേന്ദ്രം പിന്നോട്ടുപോയാല്‍ നിര്‍ത്തിവെച്ച സമരം പുനരാരംഭിക്കും.' കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചരുണി പറഞ്ഞു.
കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍
സമഗ്രമായ ഉല്‍പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള മിനിമം സപ്പോര്‍ട്ട് പ്രൈസ്(എംഎസ്പി) ഉറപ്പാക്കുക. കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ 2020/2021 പിന്‍വലിക്കുക. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനിലെ വ്യവസ്ഥകള്‍ നീക്കംചെയ്യുക. ഡല്‍ഹി, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക. ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക. അറസ്റ്റ് ചെയ്യുക. പ്രക്ഷോഭത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസം ഉറപ്പാക്കുക. മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മ്മിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കണം.
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 നാണ് പ്രധാനമന്ത്രി മോദിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച കത്തയച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രം അഞ്ചംഗ സമിതിക്ക് രേഖാമൂലമു ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. തങ്ങളുടെ പോരാട്ട വിജയത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥനയും കര്‍ഷകര്‍ സംഘടിപ്പിക്കുന്നുണ്ട്.അതേസമയം, താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നടപടി സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്.