Headlines
Loading...
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെതിരെ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് വണ്ടിപ്പെരിയാര്‍ പൗരസമിതി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെതിരെ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് വണ്ടിപ്പെരിയാര്‍ പൗരസമിതി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ കട്ടിക്കവല ദേശീയപാത ഉപരോധിച്ച് വണ്ടിപ്പെരിയാര്‍ പൗരസമിതി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്റെ നിലപാടില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുക്കാതെയുളള തമിഴ്‌നാടിന്റെ നടപടി അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും സമരസമിതിയംഗങ്ങള്‍ പറഞ്ഞു. ദേശീയപാത ഉപരോധം സൂചനാസമരം മാത്രമാണെന്നും തമിഴ്‌നാടിന്റെ നടപടിക്കെതിരെ ശക്തമായ സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു.

മുന്നറിയിപ്പൊന്നുമില്ലാതെ ഡാം തുറക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കുന്നത് ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. വീടുകളില്‍ വെളളം കയറിയാല്‍ പെട്ടന്ന് മാറി താമസിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികള്‍ക്കുളളത്.
ഇന്ന് പുലര്‍ച്ചയോടെ മുന്നറിയിപ്പൊന്നുമില്ലാതെ തമിഴ്‌നാട് പത്ത് ഷട്ടറുകള്‍ തുറന്നിരുന്നു. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. ഇതോടെ വഞ്ചിക്കാട്, വികാസ് നഗര്‍, ആറ്റോരം, കടശ്ശിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.

ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 8000 ഘനയടി വെളളമാണ് ഒഴുക്കിവിട്ടത്. വെളളം കയറിയതോടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പുകള്‍ അടക്കം ഒഴുകി പോയി. പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നുവിടുന്ന വെളളത്തിന്റെ അളവ് തമിഴ്നാട് കുറച്ചിരുന്നു. രാവിലെയോടെ അഞ്ച് ഷട്ടറുകള്‍ അടച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകളില്‍ രണ്ട് ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും മന്ത്രി അറിയിച്ചു.