kerala
സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
സംസ്ഥാനത്ത് ഡിസംബര്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സമരം മാറ്റിവെയ്ക്കുന്നതായി സ്വകാര്യ ബസ് ഉടമ സംയുക്ത സമിതി അറിയിച്ചത്.
സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായാണ് ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങിയത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ നികുതിയില്‍ ഇളവ് നല്‍കണം. നികുതി കുറച്ചില്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നും ബസുടമകളുടെ സമരസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകള്‍ വ്യക്തമാക്കിയത്.
കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകള്‍ സര്‍ക്കാരിനെ അറയിച്ചിരുന്നത്.എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണെന്നുമായിരുന്നു ബസ് ഉടമകള്‍ കൈക്കൊണ്ട നിലപാട്.