national
ഡല്‍ഹിയിലും രാജസ്ഥാനിലും കൂടുതല്‍ കേസുകള്‍; ആകെ ഒമിക്രോണ്‍ ബാധിതര്‍ 49
ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്ക് വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിവ്യാപന ശേഷിയുളള ഒമിക്രോണ്‍ ബാധിതരുടെ ആകെ എണ്ണം 49 ആയി.ഇന്നലെ ദുബായിയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര 20, രാജസ്ഥാന്‍ 9, കര്‍ണാടക 3, ഗുജറാത്ത് 4, ആന്ധ്രപ്രദേശ് 1, കേരളം 1, ഡല്‍ഹി 6, ഛണ്ഡീഗഡ് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ചെയ്യപ്പെട്ടിട്ടുളളവരുടെ കണക്ക്.
രോഗിബാധിതര്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. നിലവില്‍ ഒരു സംസ്ഥാനത്തെയും സാഹചര്യം ഗുരുതരമല്ല. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് ബാധ രൂക്ഷമാവാതിരിക്കാന്‍ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം രാജ്യത്തെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തി ജില്ലാതലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാത്രികാല കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം, തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ ടിപിആറിനെ അടിസ്ഥാനപ്പെടുത്തി കൊണ്ടുവരാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ നിലവില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (wipr) പത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.