Headlines
Loading...
പ്രവര്‍ത്തകരുടെ പൊങ്കാല, സുരേന്ദ്രന്റെ പരാമര്‍ശം; 'ഹലാല്‍' പോസ്റ്റ് പിന്‍വലിച്ച് സന്ദീപ്

പ്രവര്‍ത്തകരുടെ പൊങ്കാല, സുരേന്ദ്രന്റെ പരാമര്‍ശം; 'ഹലാല്‍' പോസ്റ്റ് പിന്‍വലിച്ച് സന്ദീപ്

ഹലാല്‍ വിവാദത്തില്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് സുരേന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ട്. ഇതോടെയാണ് താന്‍ പോസ്റ്റ് പിന്‍വലിക്കുന്നതെന്ന് സന്ദീപ് അറിയിച്ചു. തന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യര്‍ പറഞ്ഞത്: 
''കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. 

പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു.''
സംഘപരിവാര്‍ ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളുന്നതായിരുന്നു ബിജെപി വക്താവ് കൂടിയായ സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങള്‍. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പരാമര്‍ശത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് സന്ദീപ് നേരിട്ടത്. ബിജെപി നിലപാട് തള്ളിയ സന്ദീപ് വാര്യര്‍ക്ക് മറുപടിയില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രനും ഇന്ന് രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 'കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. യാദൃശ്ചികമല്ല. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.' കെ സുരേന്ദ്രന്‍ പറഞ്ഞു.