kerala
'എങ്ങനെയാണ് സിപിഐഎം നന്നാവുക'; സഹതാപം തോന്നുന്നുവെന്ന് കെ കെ രമ
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടുവേണം സിപിഐഎം പൊതുസമൂഹത്തോട് സംസാരിക്കാനെന്ന് കെ കെ രമ എംഎല്‍എ. എന്താണ് ശിശിക്ഷേമ സമിതി ചെയ്തതെന്നും എപ്പോഴാണ് പരാതി കൊടുത്തതെന്നും പഠിച്ചിട്ടു വേണമായിരുന്നു ആനാവൂര്‍ നാഗപ്പനെ പോലുള്ള ആളുകള്‍ മറുപടി പറയാനെന്നും രമ പറഞ്ഞു. ഇത്തരത്തില്‍ യാഥാസ്തികന്മാരായ നേതാക്കള്‍ സിപിഐഎമ്മിലിരിക്കുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി നന്നാവുകയെന്നും രമ ചോദിച്ചു.
എങ്ങനെയാണ് പുരോഗമന പ്രസ്ഥാനത്തിന്റെ മേലങ്കി അണിയാന്‍ സാധിക്കുന്നത്. പാര്‍ട്ടിയോട് സഹതാപം തോന്നുകയാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയാണെന്നും കെകെ രമ പറഞ്ഞു.
ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കെ കെ രമയുടെ പ്രതികരണം. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ലെന്നും ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു ആനാവൂര്‍ നാഗപ്പന്റെ വാദം. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഐഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആനാവൂര്‍ വ്യക്തമാക്കി. ആരെങ്കിലും സമരം ചെയ്തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നല്‍കിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതലയെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.