നിയമസഭാ കയ്യങ്കളിക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്.
മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള നീക്കവും പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നടത്തുന്നുണ്ട്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷ വിമര്‍ശനത്തോടെ തളളിയിരുന്നു.
വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാനും നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.
എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎം കോടതി ഉത്തരവ്.
ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതോടെ കൈയാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. എന്നാല്‍ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ടെന്നും നേരിട്ട ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നും പ്രതികള്‍ക്ക് ആവശ്യപ്പെടാം. വിചാരണ നേരിടുമോ അതോ അപ്പീല്‍ നല്‍കുമോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കളുടെ നീക്കം നിര്‍ണായകമാണ്.