kerala
കാറോടിക്കാനറിയാത്ത ആദിവാസി യുവാവിനെ പൊലീസ് വാഹന മോഷ്ടാവാക്കി; ഒടുവിൽ ജാമ്യം
സുൽത്താൻ ബത്തേരി: വാഹന മോഷണക്കുറ്റം ആരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്ത ആദിവാസി യുവാവ് ദീപുവിന് ജാമ്യം. കാറോടിക്കാനറിയാത്ത ദീപുവിനെ വാഹന മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിനി തിരികൊളുത്തിയിരുന്നു.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു.ഈ മാസം നാലിനാണ് മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവിനെ(22) സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു സൈക്കിൾ പോലും ഓടിക്കാനറിയാത്ത ദീപു ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്നായിരുന്നു പോലീസ് ഭാഷ്യം. ദീപുവിനെ മനപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ബന്ധുക്കൾ അറസ്റ്റ് ചെയ്ത ദിവസം തന്നെ ആരോപിച്ചിരുന്നു.