kerala
ഒമൈക്രോണ്‍ ജാഗ്രത കേരളത്തിലും; കേന്ദ്ര നിർദേശം ലഭിച്ചു: ആരോഗ്യമന്ത്രി
തിരുവനന്തപുരം∙ കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ ഒമൈക്രോൺ വകഭേദത്തിൽ കേരളത്തിലും ജാഗ്രത. കേന്ദ്രത്തിന്‍റെ ജാഗ്രതാനിര്‍ദേശം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിൽ വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുന്നതിലൂടെ പുതിയ വകഭേദങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാകും. ഇതുവരെ കോവിഡ് വകഭേദങ്ങളൊന്നും സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല.
സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവയാണ് ഏറ്റവും വലിയ പ്രതിരോധ കവചം. ഇവ ഉറപ്പാക്കിയാൽ തന്നെ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കും. നിലവിലെ ക്വാറന്റീൻ സംവിധാനം തന്നെയായി മുന്നോട്ടുപോകും. വിമാനത്താവളങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര നിർദേശം. അതിനു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്‍റീനും ഉറപ്പാക്കും. പ്രവാസികൾ ഏറെയുള്ള കേരളത്തിൽ അതീവ ജാഗ്രത തുടരണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.