ന്യൂഡൽഹി∙ കോവിഡിന്‍റെ പുതിയ വകഭേദത്തില്‍ പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. രാവിലെ 10.30നാണ് യോഗം. വാക്സിനേഷന്‍ പുരോഗതിയും ചര്‍ച്ച ചെയ്യും. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്ത് റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായാണ് നടപടി.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദത്തിന് ‘ഒമൈക്രോൺ’ എന്നാണു പേരിട്ടിരിക്കുന്നത്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ 5 ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി പുതിയ കോവിഡ് വകഭേദം വ്യാപിച്ചിരിക്കുകയാണ്. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. വകഭേദം ആശങ്കയുണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.