idukki
ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രാദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടാം ഘട്ട മുന്നറിയിപ്പായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ശേഷമോ ഞായറാഴ്ച്ച രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്‌സ് വരെ വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. നിലവില്‍ 2398.32 അടിയാണ് ഡാമിലെ ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ഈ മാസം 20ന് അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. നിലവില്‍ ഡാമിലെ ജലനിരപ്പ് 139.05 അടിയാണ്.