Headlines
Loading...
'ലഹരിക്കടിമപ്പെട്ട തൊഴില്‍ രഹിതര്‍' പരാമര്‍ശം; ബിജെപി എംപിയുടെ കാര്‍ തടഞ്ഞ് കര്‍ഷകര്‍

'ലഹരിക്കടിമപ്പെട്ട തൊഴില്‍ രഹിതര്‍' പരാമര്‍ശം; ബിജെപി എംപിയുടെ കാര്‍ തടഞ്ഞ് കര്‍ഷകര്‍

ബിജെപി എംപി രാമചന്ദ്ര ജാന്‍ഗറിനെ തടഞ്ഞ് കര്‍ഷകര്‍. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. ധര്‍മ്മശാല ഉദ്ഘാടനം ചെയ്യാനെത്തിയ എംപിക്ക് നേരെ കര്‍ഷകര്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും കര്‍ഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എംപിയുടെ കാറിന്റെ ചില്ല് തകര്‍ന്നു.

പ്രതിഷേധക്കാര്‍ എംപിയുടെ കാറിന് നേര്‍ക്ക് കരിങ്കൊടി വീശുകയായിരുന്നു. സ്ഥലത്ത് കടുത്ത പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധത്തില്‍ 10 പേരെ ഇതിനകം പൊലീസ് കസറ്റഡിയില്‍ എടുത്തു. ലാത്തി ചാര്‍ജ്ജില്‍ രണ്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും എംപി സമാനമായ രീതിയില്‍ പ്രതിഷേധം നേരിട്ടിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തൊഴിലൊന്നുമില്ലാതെ ലഹരി ഉപയോഗിച്ച് നടക്കുന്നവരാണെന്ന എംപിയുടെ പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രതിഷേധത്തിനിടയാക്കിയത്.