Headlines
Loading...
ആലുവ സിഐ ഇന്നും ഡ്യൂട്ടിയില്‍; പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് സ്റ്റേഷനില്‍, 'ജനങ്ങളോടുള്ള വെല്ലുവിളി'

ആലുവ സിഐ ഇന്നും ഡ്യൂട്ടിയില്‍; പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് സ്റ്റേഷനില്‍, 'ജനങ്ങളോടുള്ള വെല്ലുവിളി'

നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീര്‍ സ്റ്റേഷന്‍ ചുമതലയില്‍ തുടരുന്നതിനെതിരെ പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കിയെന്ന് പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.

അന്‍വര്‍ സാദത്ത് പറഞ്ഞത്:
''ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ സുധീറിന് ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ഇരിക്കുന്ന സ്‌റ്റേഷനിലേക്ക് ആര് പരാതിയുമായി വരും. സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേസിലെ പ്രതികളുള്ള സ്റ്റേഷനില്‍ തന്നെയാണ് സിഐയും ഇരിക്കുന്നത്. സിഐ അടക്കം നാല് പ്രതികളാണ് സ്റ്റേഷനിലുള്ളത്. സുധീറിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. വനിതാ കമീഷന്‍ വരെ യുവതിയുടെ പരാതി അവഗണിച്ചു.''
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും ഇതേ സ്റ്റേഷനിലാണ് നിലവിലുള്ളത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്നു പേരെയും ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചോദ്യം ചെയ്യും.ഇതിനിടെ സുഹൈലിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് സലിം രംഗത്തെത്തി. ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദില്‍ഷാദ് പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു.

ദില്‍ഷാദ് പറഞ്ഞത്: 
''പുറത്തുപറയാന്‍ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വീഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അന്ന് മകള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈ ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിര്‍ത്താനും മോഫിയയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു.''
''ഇത്തരത്തില്‍ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മോഫിയ പരാതി നല്‍കിയത്. ഇതോടെ പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് ആലുവ സിഐ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചര്‍ച്ച നടക്കുന്ന ദിവസം മറ്റൊരാള്‍ക്കൂടി സിഐയുടെ ഓഫീസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ യഥാര്‍ത്ഥ പേരറിയില്ല. സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരുന്നത്. ഈ വ്യക്തിയും സിഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ നോക്കിയത്. സംഭവത്തില്‍ കുട്ടിസഖാവിന്റെ പങ്കും അന്വേഷിക്കണം. മാത്രമല്ല, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം.''