Headlines
Loading...
പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം

പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂര്‍ ഖേരിയിലെ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിതായിരുന്നു പ്രിയങ്ക. യുപിയിലെ ഹര്‍ഗാവോണ്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കോണ്‍വോ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.

ലക്‌നൗവില്‍ നിന്നും ലഖിംപൂരിലേക്ക് തിരിച്ച പ്രിയങ്കയെ സീതാപൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് യുപി കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വിയാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തതായി ട്വീറ്റിലൂടെ അറിയിച്ചത്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. മരണപ്പെട്ട നാലാമത്തെ കര്‍ഷകനെ കേന്ദ്രമന്ത്രിയുടെ മകന്റെ ഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ കേന്ദ്രമന്ത്രി പദവിയില്‍ നിന്ന് പിരിച്ചു വിടണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയില്‍ എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകളില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ കര്‍ഷക സംഘടനകളോടും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.