
kerala
കണ്ണടച്ച് തുറക്കും മുൻപ് എല്ലാ കഴിഞ്ഞു; മക്കളെ ചേർത്ത് പിടിക്കാൻ പോലും കഴിയാത്ത നിസഹായവസ്ഥ, രണ്ട് കുട്ടികൾ കൂടി മണ്ണിനടിയിൽ
മൂവാറ്റുപുഴ: ഇന്നലെ രാവിലെ മുതൽ തകർത്തുപെയ്ത പേമാരിയിൽ ദുരന്തമുഖമായി മാറിയിരിക്കുകയാണ് കോട്ടയം, ഇടുക്കി ജില്ലകൾ. കോട്ടയത്ത് സ്ഥിതിഗതികൾ അപകടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് കൊക്കയാറിലെ ഉരുൾപൊട്ടൽ വാർത്ത പുറത്തുവന്നത്. ആദ്യഘട്ടത്തിൽ ആരും അപകടത്തിൽപ്പെട്ടിരുന്നില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ നാട്ടുകാർ സഹായത്തിനായി വിളിക്കാൻ ആരംഭിച്ചതോടെ കൊക്കയാർ ദുരന്തമുഖമായി മാറിയെന്ന് വ്യക്തമായി.
എട്ട് പേരാണ് കൊക്കയാറിൽ കാണാതായത്. ഏഴ് വീടുകൾ പൂർണമായും തകർന്നു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ അപകടത്തിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമാവുകയും ചെയ്തു. എട്ട് പേരിൽ അഞ്ചും കുട്ടികൾ. ഞായറാഴ്ച്ച ആരെയെങ്കിലും രക്ഷപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നാട്ടുകാരും രക്ഷാപ്രവർത്തകരും. ഇതിനായി ഊർജിതമായ തിരച്ചിലും നടത്തി. എന്നാൽ ഉച്ചയോടെ മൂന്ന് കുട്ടികളുടെ മൃതദേഹം മാത്രമായിരുന്നു രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാനായിരുന്നു. എല്ലാം ജീവനറ്റ ശരീരങ്ങൾ.
കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്.ഭൂപ്രകൃതി ഇരു പ്രദേശങ്ങളിലും സമാനമാണ്. ഇതാണ് അപകടത്തിന് പിന്നിലെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
അതിവേഗമായിരുന്നു ഉരുൾപൊട്ടലെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കണ്ണടച്ച് തുറക്കും മുൻപ് എല്ലാം മണ്ണിനടിയിലായി. മക്കളെ രക്ഷപ്പെടുത്താനെങ്കിലും സാധിച്ചിരുന്നെങ്കിലെന്നാണ് അപകടത്തിൽ രക്ഷപ്പെട്ട സ്ത്രീ കണ്ണുനിറച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. ഡോഗ് സ്‌ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ച് ഇപ്പോൾ തിരച്ചിൽ തുടരുകയാണ്. രണ്ട് കുട്ടികൾ കൂടി കൊക്കയാറിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മണ്ണിനടയിലുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്. കൊക്കയാറിൽ നിന്ന് ഇന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കുകളാണിത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം കുട്ടിക്കലിൽ ആകെ മരണം പത്തായി ഉയർന്നിട്ടുണ്ട്. കുറഞ്ഞത് മൂന്ന് പേരെങ്കിലും ഇവിടെ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.