
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ( ഒക്ടോബർ 18ന് ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക ഫെയ്സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപ്രതീക്ഷിതമായുണ്ടായ മഴയും വെള്ളപൊക്കവും സംസ്ഥാനത്ത് വലിയ നാശമാണ് വിതച്ചത്. കലിതുള്ളിയെത്തിയ ഉരുള്‍പൊട്ടലില്‍ ഇടുക്കിയും കോട്ടയവും ഉള്‍പ്പെടെ ദുരന്തമുഖമായി മാറിയപ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റേയും ആയകാലം സ്വരുക്കൂട്ടിയത് ഒലിച്ചുപോയതിന്റേയും ആഘാതത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍.
ഇന്നലെ രാത്രി തന്റേയും കുട്ടികളുടേയും നേര്‍ക്ക് കുത്തിയൊലിച്ചുവരുന്ന മഴവെള്ളപാച്ചിലിനുമുന്നില്‍ ഒരു നിമിഷം മനോധൈര്യം കൈവിട്ടിരുന്നെങ്കില്‍ എന്ന് ആശ്ചര്യപ്പെടുകയാണ് കോട്ടയത്തെ കൂട്ടിക്കല്‍ ചപ്പാത്ത് നിവാസിയായ ഈ വീട്ടമ്മ.
Also Read -
പ്രളയ പ്രതിസന്ധി; കെഎസ്ഇബി ഉന്നതതല യോഗം ചേരുന്നു
'ഇന്നലെ 9 മണിയോടെയാണ് വെള്ളം വന്നത്. ഞാന്‍ ഈ അടുക്കളയില്‍ മൂന്നും നാലും വയസുള്ള കുട്ടികളേയും കൊണ്ട് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വെള്ളം കുത്തിയൊലിച്ചെത്തുന്നത്. പിന്നെ ജീവനും കൊണ്ട് ഓടുകയായിരുന്നു. മുന്നോട്ട് ഓടിയപ്പോള്‍ അവിടേയും വെള്ളം. പിന്നെ പിള്ളേരെ കയറ്റി മണ്ടയില്‍ കയറ്റി. കണ്ട വഴി എല്ലാവരും ഓടുകയായിരുന്നു. ഭര്‍ത്താവ് കടയില്‍ പോയേക്കുവായിരുന്നു. മന്ത്രി ഇന്നലെ വന്നായിരുന്നു. എല്ലാം പോയി. ഇനി ഒന്നുമില്ല. ഉടുതുണിക്ക് മറുതുണിയില്ല. ഇട്ടിരിക്കുന്ന ഡ്രസ് പോലും ഓരോരുത്തരോട് വാങ്ങിച്ചതാണ്. ഒരു നേരത്തെ ബിസ്‌കറ്റിന് കുഞ്ഞുങ്ങള്‍ കിടന്ന് കരയുകയായിരുന്നു. ഇന്നലെ മൊത്തം പട്ടിണിയായിരുന്നു. ഒരു പൊലീസുകാരന്റെ വീട്ടിലാണ് ഇന്നലെ താമസിച്ചത്.'
എന്റെ വീട് മൊത്തം പോയി...അരിയും കയ്യാലയും ഒലിച്ചുപോയെന്ന് പറഞ്ഞുതീര്‍ത്താന്‍ പ്രദേശവാസിയായ മറ്റൊരു സ്ത്രീക്ക് കഴിഞ്ഞില്ല. താനൊരു അര്‍ബുദ രോഗിയാണെന്ന് കൂടി പറഞ്ഞ് അവര്‍ പൊട്ടി കരഞ്ഞു.
നഷ്ടവും ഭാവിയും ഓര്‍ത്തപ്പോള്‍ പിന്നീട് ശബ്ദം കനപ്പെട്ടു. പത്ത് പൈസ ഇല്ല കൈയ്യില്‍... ഞങ്ങളെങ്ങോട്ട് പോവും എന്ന ചോദ്യം അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയെകുറിച്ചോര്‍ത്താണ്.